കോടിക്കണക്കിന് ഭാരതീയര്‍ ചോദിക്കുന്നു , എപ്പോഴായിരിക്കും ആ തിരിച്ചടി?. പഹല്‍ഗാമില്‍ വീണ ഓരോ തുള്ളി കണ്ണീരിനും പകരം ചോദിച്ചേ തീരൂ. ഇന്ത്യന്‍ പടയുടെ പ്രത്യാക്രമണം ഏതു തരത്തിലായിരിക്കുമെന്ന് പറയാനാകാനാകില്ല. ഓരോ സൈനികന്‍റേയും ഓരോ ഇന്ത്യക്കാരന്‍റേയും മനസില്‍ രാജ്യസ്നേഹത്തിന്‍റെ മിന്നല്‍പ്പിണരുകള്‍ പായിക്കുന്നതാണ് മുന്‍കാലങ്ങളിലെ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍. പാക്കിസ്ഥാന്‍ എന്നും ഉള്‍ക്കിടിലത്തോടെ മാത്രം ഓര്‍ക്കുന്ന മിന്നലാക്രമണങ്ങള്‍.
നിയന്ത്രണ രേഖയ്ക്കപ്പുറത്ത് കണ്ണടച്ചു തുറക്കുന്ന സമയംകൊണ്ട് നടത്തുന്ന ആക്രമണങ്ങളാണ് സർജിക്കൽ സ്ട്രൈക്ക് അഥവാ മിന്നലാക്രമണം. 2016 ല്‍ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങളിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം അങ്ങിനെയൊന്നായിരുന്നു. പഠാൻകോട്ട് സൈനികത്താവളത്തിലെ ഭീകരാക്രമണത്തിനുള്ള മറുപടിയായിരുന്നു ഇത്. 2011 ജൂലൈയിൽ കുപ്‍വാര സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ അക്രമണത്തിൽ 6 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. തൊട്ടടുത്ത മാസം തന്നെ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിൽ 13 പാക്ക് സൈനികരെ വധിച്ചു. 2013 ല്‍ ജനുവരിയിൽ നമ്മുടെ അതിർത്തിക്കുള്ളിൽ പ്രവേശിച്ച പാക്കിസ്‌ഥാൻ സൈനികർ 2 ഇന്ത്യൻ സൈനികരെ വധിച്ചു. പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ ബാൾഡ എന്ന മിന്നലാക്രമണത്തിൽ 6 ഭീകരരെയും പാക്ക് സൈനികരെയും വധിച്ചു. 2008 ജൂണില്‍ കേൽ സെക്ടറിൽ വഴിതെറ്റിപ്പോയ ഇന്ത്യൻ സൈനികനെ പാക്കിസ്ഥാൻ സേന തലയറുത്തു കൊന്ന സംഭവത്തിൽ ഇന്ത്യ തിരിച്ചടിച്ചു. 8 പാക്കിസ്ഥാൻ സൈനികരാണ് അന്നു കൊല്ലപ്പെട്ടത്.
എങ്കിലും സര്‍ജിക്കല്‍ സ്ട്രൈക്കെന്നു കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുന്നത് ബാലാക്കോട്ട് തന്നെ. ഇന്ത്യന്‍ സേനയുടെ മാരക പ്രഹരശേഷി പാക്കിസ്ഥാന്‍ അനുഭവിച്ചറിഞ്ഞ ദിവസം. ജയ്ഷെ മുഹമ്മദിന്‍റെ 3 താവളങ്ങളാണ് തകര്‍ന്നടിഞ്ഞത്. പൂര്‍ണമായും വ്യോമ ശക്തിയെ ആശ്രയിച്ച ഇന്ത്യയുടെ ആദ്യ മിന്നലാക്രമണം. സിവിലിയൻ കേന്ദ്രങ്ങളെ ഒരു വിധത്തിലും ബാധിക്കാത്ത ഈ ആക്രമണം ഓരോ രാജ്യസ്നേഹിയുടെയും മനസില്‍ ഇന്നും ഇരമ്പുന്നു
2019 ഫെബ്രുവരി 14 . ഇന്ത്യ നടുങ്ങിയ ദിനം. ജമ്മു – ശ്രീനഗർ ദേശീയപാതയിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിനു പിന്നിൽ. 12 ാം ദിവസം പാക്കിസ്ഥാനെന്ന രാജ്യം മനസിലാക്കി, ഇന്ത്യന്‍ സൈന്യത്തിലെ ചുണക്കുട്ടികളുടെ ധൈര്യവും ബുദ്ധിയും. പുലര്‍ച്ചെ മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്ന് മിറാഷ്– 2000 മൾട്ടിറോൾ സ്ട്രൈക്ക് വിമാനങ്ങൾ ഇരമ്പി. ഒന്നല്ല 12 എണ്ണം. ലക്ഷ്യം ബാലാക്കോട്ട്.
കൃത്യതയുള്ള ബോംബിങ് ശേഷിയുള്ള ഇസ്രയേൽ നിർമിത ലൈറ്റനിങ് പോഡുമായിട്ടായിരുന്നു 12 മിറാഷുകളുടേയും കുതിപ്പ്. ലേസർ സഹായത്തോടെ കടുകിട തെറ്റാതെ ആക്രമണം നടത്താൻ ഈ ബോംബുകൾക്കു സാധിക്കും. 6 എണ്ണം വീതമുള്ള 2 സംഘങ്ങളായി പാക്ക് വ്യോമാതിർത്തി കടന്നു മിറാഷുകള്‍ കുതിച്ചു. വ്യോമസേനയുടെ അതി വിദഗ്ധരായ പൈലറ്റുമാർ നിയന്ത്രിച്ച ഈ ഫൈറ്റര്‍ ജെറ്റുകള്‍ 2 ദിശകളിൽ നിന്ന് ബാലാക്കോട്ടിലേക്ക് ഇരച്ചുകയറി. പുലര്‍ച്ചെ 3.28ന് മിറാഷിൽ നിന്നുള്ള ആദ്യ ബോംബ് ഭീകര താവളത്തിലേക്കു പാഞ്ഞു. ലേസർ നിയന്ത്രിത ബോംബുകൾ ഭീകരരുടെ താവളത്തിലേക്കു ഉന്നംതെറ്റാതെ തൊടുത്തു, ഒന്നിനു പിറകെ ഒന്നായി. 12 മിനിറ്റ് പാക്കിസ്ഥാന്‍റെ കൺമുന്നിൽ നിന്നു വിമാനങ്ങൾ തീതുപ്പി. ദൗത്യം പൂര്‍ത്തിയാക്കി വിമാനങ്ങളെല്ലാം സുരക്ഷിതമായി ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. പാക്കിസ്ഥാനിലേക്ക് ഇരച്ചുകയറി വ്യോമാക്രമണം നടത്താനും ഒരു പോറൽ പോലുമേൽക്കാതെ സുരക്ഷിതമായി തിരിച്ചെത്താനും ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കും ഫൈറ്റർ പൈലറ്റുമാർക്കും കെൽപുണ്ടെന്ന് ആ രാത്രി വ്യോമസേന തെളിയിച്ചു.
മറക്കണ്ട, ഇന്ത്യന്‍ ആര്‍മിയുടെ ഈ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ അവസാനത്തേതാണെന്നു കരുതരുത്. മിന്നലാക്രമണത്തിന്‍റെ അല്ലെങ്കില്‍ അതിനും പതിന്‍മടങ്ങ് പ്രഹരശേഷിയുടെ രൂപത്തില്‍ ഇന്ത്യന്‍ സൈന്യം പാക്ക് ഭീകരരുടെ മേല്‍ വിജയം നേടിയിരിക്കും. നമ്മുടെ പട സുസജ്ജമാണ്.