Pakistani-Nationals
  • ദീര്‍ഘകാല വീസയുള്ള ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്ക് തുടരാം
  • മെഡിക്കല്‍ വീസയില്‍ വന്നവര്‍ക്ക് മടങ്ങാന്‍ ചൊവ്വാഴ്ചവരെ സമയം
  • വാഗാ അതിര്‍ത്തിയില്‍ തിരക്ക്

പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. മെഡിക്കല്‍ വിസയൊഴികെയുള്ള എല്ലാ വീസകളും ഇന്നത്തോടെ അസാധുവാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മെഡിക്കല്‍ വീസയില്‍ വന്നവര്‍ക്ക് മടങ്ങാന്‍ ചൊവ്വാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ദീര്‍ഘകാല വീസയുള്ള ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

സമയപരിധി അവസാനിക്കാറായതോടെ വാഗാ അതിര്‍ത്തിയില്‍ മടങ്ങിപ്പോകുന്നവരുടെ തിരക്കാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പാക്കിസ്ഥാന്‍ പൗരന്‍മാരുടെ കണക്കെടുപ്പ് സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. സമയപരിധി അവസാനിക്കും മുന്‍പ് എല്ലാ പാക് പൗരന്‍മാരെയും നിര്‍ബന്ധമായി തിരിച്ചയക്കണം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് പാക് പൗരന്‍മാരെ തിരിച്ചയക്കാന്‍ തീരുമാനിച്ചത്.

അതേ സമയം പഹല്‍ഗാമില്‍ ഭീകര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിനത്തില്‍. തെക്കന്‍ പീര്‍ പഞ്ചല്‍ മലനിരകളിലാണ് തിരച്ചില്‍ തുടരുന്നത്. ഭീകരരുടെ സംഘത്തില്‍ ഏഴുപേരുണ്ടെന്നാണ് നിഗമനം. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത് നാലുപേരാണ്. അതിനിടെ, ജമ്മു കശ്‌മീരില്‍ വ്യാപകമായി ഭീകരര്‍ക്കായി നടത്തുന്ന തിരച്ചിലും തുടരുകയാണ്. നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് കനത്ത പ്രത്യാക്രമണം നടത്താന്‍ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. പഞ്ചാബ് അതിര്‍ത്തിയില്‍, പാക് സേന കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടുകിട്ടുന്നതില്‍ തീരുമാനമായില്ല.

ENGLISH SUMMARY:

The deadline for Pakistani nationals to leave India ends today. The Ministry of External Affairs announced that all visas, except medical visas, will become invalid by the end of the day. Pakistani nationals who arrived on medical visas have been given time until Tuesday to depart. Meanwhile, the Ministry clarified that Pakistani Hindus holding long-term visas are permitted to stay in India. The search operation for suspects continues for the sixth consecutive day.