പഹല്‍ഗാം ഭീകരക്രമണം എന്‍ഐഎ അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ജമ്മു കശ്മീര്‍ കുപ്‌വാരയില്‍ ലഷ്കര്‍ കമാന്‍ഡറുടെ വീട് ഇന്ത്യന്‍ സൈന്യം തകര്‍ത്തെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങിയത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി രംഗത്തെത്തി. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ഇതിനു സഹായം നൽകിയവരെയും ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും 15 അംഗ രക്ഷാസമിതി ആവശ്യപ്പെട്ടു. യുഎന്നിലെ ഫ്രഞ്ച് അംബാസഡറാണു രക്ഷാസമിതിക്കുവേണ്ടി പ്രസ്താവന നൽകിയത്.
പഹല്‍ഗാം ഭീകരാക്രമണത്തെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചത്. എല്ലാത്തരത്തിലുമുള്ള ഭീകരതയെയും അപലപിക്കുന്നുവെന്നും സമാധാനത്തിനും രാജ്യാന്തര സുരക്ഷയ്ക്കും അത് വെല്ലുവിളിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.