പഹല്‍ഗാമിലെ ഭീകരരെ കണ്ടെത്തിയാലുടന്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം. സൈനിക വിന്യാസം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനമുണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ കണ്ടെത്തിയാലുടന്‍ നിയന്ത്രിത ആക്രമണം. പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ മാത്രമാണോ ലക്ഷ്യമിടുക എന്നതില്‍ വ്യക്തതയില്ല. ഇന്ത്യയുടെ തിരിച്ചടി ഉറപ്പായതിനാല്‍ ജയ്ഷെ മുഹമ്മദിന്‍റെ പല ക്യാംപുകളില്‍നിന്നും ഭീകരര്‍ മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭീകരരെ കയറ്റി അയയ്ക്കുന്ന ലോഞ്ച് പാഡുകളും ശൂന്യം. കരസേനയ്ക്ക് കീഴിലെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകള്‍ വഴി, സര്‍ജിക്കല്‍ സ്ട്രൈക്കോ, വ്യോമസേനയുടെ മുന്‍നിര യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമാക്രമണോ നടത്തും. അറബിക്കടലില്‍ നാവികസേനയും വിന്യാസം കൂട്ടിയതോടെ പാക്കിസ്ഥാന് ചുറ്റും ബഹുമുഖ പോര്‍മുഖം തുറക്കുകയാണ് ഇന്ത്യ. മിഗ് 29, സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് പട്രോളിങ് നടത്തും. റഫാല്‍, സുഖോയ് 30 വിമാനങ്ങള്‍ക്ക് പുറമെ, എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം അഥവാ അവാക്സ്, വ്യോമ പ്രതിരോധ സംവിധാനമായ S 400 എന്നിവ ഉള്‍പ്പെട്ട വമ്പന്‍ അഭ്യാസമാണ് വ്യോമസേന സെന്‍ട്രല്‍ സെക്ടറില്‍ നടത്തുന്നത്. മൂന്ന് സായുധസേനകളുടെയും കൂടുതല്‍ യുദ്ധ അഭ്യാസങ്ങളും വരുദിവസങ്ങളില്‍ പ്രതീക്ഷിക്കാം.