ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ശ്രീനഗറിലെത്തിയ രാഹുല്‍ ഗാന്ധി പരുക്കേറ്റ് ചികിത്സയിലുള്ളവരെയും പ്രദേശവാസികളെയും കണ്ടു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. ഭീകരതക്കെതിരായ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു എന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ വേദനയില്‍ കഴിയുന്ന ജമ്മുകശ്മീരിലേക്ക് ഉച്ചയോടെയാണ് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പം രാഹുല്‍ ഗാന്ധി എത്തിയത്. നേരെ പോയത് ചികിത്സയിലുള്ളവരെ കാണാന്‍. ബി ബി കാന്‍റ് ആശുപത്രിയിലും അനന്ത്നാഗ് മെഡിക്കല്‍ കോളജിലും എത്തി. കടന്നുപോയ ഭയാനകമായ നിമിഷങ്ങളാണ് ഒരോരുത്തര്‍ക്കും രാഹുലിനോട് പറയാന്‍ ഉണ്ടായിരുന്നത്. ശേഷം ശ്രീനഗർ നിവാസികളെയും കോൺഗ്രസ് പ്രവർത്തകരെയും കണ്ടു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സാഹചര്യം ചർച്ച ചെയ്തു. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് രാഹുൽഗാന്ധി.
പഹല്‍ഗാമില്‍ സുരക്ഷ വീഴ്ചയുണ്ടായി എന്ന് സർക്കാർ സമ്മതിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ നിരവധി ഉണ്ടെങ്കിലും രാജ്യം കടന്നുപോകുന്ന സാഹചര്യം കണക്കിലെടുത്ത് മൗനം പാലിക്കാനാണ് തീരുമാനം. പാകിസ്താനെതിരായി സ്വീകരിച്ച നടപടികള്‍ പ്രതീകാത്മകം മാത്രമാകരുതെന്ന് മുന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കുകയും പ്രമേയം പാസാക്കുകയും ചെയ്യണമെന്ന് കപില്‍ സിബല്‍ എംപി . സ്ഥിതി അറിയിക്കാന്‍ മറ്റ് രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയച്ച് നയതന്ത്ര സമ്മദ്ദമുണ്ടാക്കണമെന്നും കപില്‍ സിബൽ ആവശ്യപ്പെട്ടു. പാകിസ്ഥാന് ശക്തമായ മറുപടി നല്‍കേണ്ട സമയമാണിതെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ പ്രതികരിച്ചു.