പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വന്തം രാജ്യത്തെ പ്രതിക്കൂട്ടിലാക്കിയ മുന്‍ പാക്ക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയാണ്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തത്തെക്കുറിച്ച് പാക്ക് ഭരണനേതൃത്വത്തിനു നേരെ വിരല്‍ ചൂണ്ടിയതിനെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയിലാണ് തന്‍റെ സ്വത്വത്തില്‍ അഭിമാനിക്കുന്നുവെന്ന് താരം തുറന്നടിച്ചത്. ഏറ്റവുമൊടുവിലത്തെ സമൂഹമാധ്യമകുറിപ്പില്‍ ഡാനിഷ് കനേരിയ കുറിച്ചതിങ്ങനെ
"ഞാന്‍ അഭിമാനമുള്ള ഹിന്ദുവാണ്. പക്ഷേ ഹിന്ദുവായിരിക്കേ തന്നെ ഞാന്‍ മാതൃരാജ്യത്തിനു വേണ്ടി പോരാടുകയും സേവിക്കുകയും ചെയ്തയാളാണ്. കാരണം ഏതു രാജ്യത്തില്‍ ജീവിക്കുന്നുവോ ആ രാജ്യത്തോട് വിശ്വാസ്യതയും കൂറുമുള്ളവരാണ് ഹിന്ദുക്കള്‍. പാക്കിസ്ഥാനിലെ ജനങ്ങള്‍ എന്നും എന്നും എനിക്ക് സ്നേഹമാണ് തന്നത്. പക്ഷേ പാക്കിസ്ഥാന്‍റെ ഭരണാധികാരികള്‍ വിഭജനത്തിനുശേഷം എങ്ങനെ എന്‍റെ ഹിന്ദു സഹോദരങ്ങളോടു പെരുമാറിയോ അങ്ങനെ തന്നെയാണ് എന്നോടും പെരുമാറിയത് "
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കാതിരുന്ന പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ തുറന്നുകാണിച്ചാണ് ഡാനിഷ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പാക്കിസ്ഥാന് ഈ ക്രൂരതയില്‍ പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് അപലപിക്കാത്തത് എന്നായിരുന്നു ചോദ്യം. എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രിക്കറിയാമായിരുന്നുവെന്നും നിങ്ങളാണ് അവരെ വളര്‍ത്തുന്നതെന്നും നിങ്ങളെയോര്‍ത്തു നാണം തോന്നുന്നുവെന്നും ഡാനിഷ് തുറന്നടിച്ചിരുന്നു. തുടര്‍ന്ന് പഹല്‍ഗാമിലെ ഭീകരര്‍ സ്വാതന്ത്ര്യസമരസേനാനികളാണെന്ന് പാക്ക് ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍ പറഞ്ഞതോടെ ഡാനിഷ് ചോദ്യമുനകള്‍ക്ക് കടുപ്പം കൂട്ടി. ഈ പരാമര്‍ശം അപമാനകരമാണെന്നു മാത്രമല്ല, പിന്നില്‍ പാക്കിസ്ഥാനാണെന്ന കുറ്റസമ്മതവുമാണെന്ന് താരം കുറിച്ചു. ഇതേത്തുടര്‍ന്ന് നിങ്ങള്‍ ഇന്ത്യക്കാരേക്കാള്‍ വലിയ ഇന്ത്യക്കാരനായി നടിക്കുന്നുവെന്ന ആരാധകന്‍റെ കറന്‍റിനാണ് തന്‍റെ രാജ്യസ്നേഹം ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് പറയുമെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചത്.
മുന്‍ പാക്ക് ക്രിക്കറ്റര്‍ മുഹമ്മദ് ഹഫീസും ഭീകരാക്രമണത്തില്‍ വേദന പങ്കു വച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ദുഃഖം, ഹൃദയം തകരുന്നുവെന്ന ഹഫീസിന്റെ കുറിപ്പും വലിയ ചര്‍ച്ചയായി. പാക്കിസ്ഥാന്റെ താരമായിരുന്നെങ്കിലും ഡാനിഷ് ഭരണനേതൃത്വത്തിനു നേരെ വിരല്‍ ചൂണ്ടുന്നത് ഇതാദ്യമല്ല. പാക്ക് ക്രിക്കറ്റ് ഭരണത്തിലെ പോരായ്മകള്‍ക്കെതിരെ നിരന്തരപോരാട്ടത്തിലാണ് താരം. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് വരാതിരിക്കുകയാണ് നല്ലതെന്ന ഡാനിഷിന്റെ മുന്നറിയിപ്പും വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റിനൊരുക്കുന്ന സുരക്ഷയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരസ്യപ്രതികരണം . പാക്് ടീമിലെ രാഷ്ട്രീയക്കളികളിലും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മതം മാറ്റാന്‍ ശ്രമിച്ചുവെന്നും സഹതാരങ്ങള്‍ പലപ്പോഴും ഒറ്റപ്പെടുത്തിയെന്നും ലോകത്തിനു മുന്നില്‍ തുറന്നു പറഞ്ഞ് കോളിളക്കമുണ്ടാക്കിയിട്ടുണ്ട് ഡാനിഷ് കനേരിയ .
1980ല്‍ കറാച്ചിയില്‍ ജനിച്ച ഡാനിഷ് കനേരിയയുടെ പൂര്‍വികര്‍ ഗുജറാത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ പാക്കിസ്ഥാനിലേക്ക് കുടിയേറിയതാണ്. ലെഗ് സ്പിന്‍ ബോളിങില്‍ മികവു തെളിയിച്ച് ദേശീയ ടീമില്‍ ഇടം നേടിയ കനേരിയ ക്രിക്കറ്റ് കരിയറിനു ശേഷവും കമന്റേന്ററായും ടെലിവിഷന്‍ ഷോകളിലുമെല്ലാം സജീവമാണ്. ഡാനിഷ് കനേരിയ 261 എന്ന യൂ ട്യൂബ് ചാനലും നടത്തുന്നു. 2018ല്‍ ക്രിക്കറ്റ് കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ വിലക്കും മറ്റു നടപടികളും നേരിട്ടിട്ടുണ്ട്. 61 ടെസ്റ്റ് മാച്ചുകളും 18 ഏകദിനങ്ങളും കളിച്ച താരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുന്ന ഏഴാമത്തെ മുസ്‍ലിം ഇതര കളിക്കാരനും രണ്ടാമത്തെ ഹിന്ദു വിഭാഗക്കാരനുമായിരുന്നു. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരായ പ്രതികരണങ്ങളിലൂടെയാണ് ക്രിക്കറ്റിനു പുറത്ത് വാര്‍ത്തകളില്‍ ശ്രദ്ധേയനായത്.