പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‍റെ മുഖമായി മാറിയിരിക്കുകയാണ് കൊല്ലപ്പെട്ട നാവികേസന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വലിന്‍റെ മൃതദേഹത്തിനടുത്തിരിക്കുന്ന ഭാര്യ ഹിമാന്‍ഷിയുടെ ചിത്രം. പഹല്‍ഗാമിനായി അനുശോചനമറിയിച്ചവരും പ്രതിഷേധിച്ചവരും ഹിമാന്‍ഷിയുടെ ചിത്രമാണ് പങ്കുവച്ചത്.
എന്നാല്‍ ദുരന്ത ചിത്രത്തിലും എഡിറ്റിങ് നടത്തിയ ബിജെപി സോഷ്യല്‍ മീഡിയ പേജിനെതിരെ നിശിത വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഛത്തീസ്ഗഡ് ബിജെപിയുടെ സോഷ്യല്‍ മീഡിയ പേജിലാണ് വിനയ് നര്‍വലിന്‍റേയും ഹിമാന്‍ഷിയുടേയും ചിത്രം എഐ ടെക്നോളജി ഉപയോഗിച്ച് ഗിബ്ലി രൂപത്തിലാക്കിയത്. 'ജാതിയല്ല, വിശ്വാസമാണ് ചോദിച്ചത്. ഞങ്ങള്‍ മറക്കില്ല' എന്ന ക്യാപ്ഷനോടെയാണ് എക്സില്‍ ചിത്രം പങ്കുവച്ചത്.
എന്നാല്‍ പോസ്റ്റിന് പിന്നാലെ വലിയ വിമര്‍ശനമാണ് ബിജെപിക്കെതിരെ ഉയരുന്നത്. 'ഇരകളെ ബിജെപി അപമാനിക്കുകയാണെ'ന്നാണ് ചിലര്‍ വിമര്‍ശിച്ചത്. 'നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് മറക്കരുതെന്നും' കമന്‍റുകള്‍ വന്നു. 'ഇത്രയും തരംതാഴാന്‍ ഒരു ദിവസം പോലും കാത്തിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ഇതില്‍ അത്ഭുതമൊന്നുമില്ല' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'ഭീകര കൂട്ടക്കൊലയെ ഗിബ്ലി എഡിറ്റ് ചെയ്തിരിക്കുന്നു, ഇതിലും തരംതാഴാനാവില്ല', 'നിഷ്കളങ്കരായ ജനങ്ങളുടെ ജീവന്‍ ഒരു ഏസ്തെറ്റിക് കണ്ടന്‍റല്ല' എന്നും കമന്‍റുകളുണ്ട്.