J&K Chief Minister Omar Abdullah and others pay their last respects to the mortal remains of Adil Hussain Shah
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സയീദ് ആദില്‍ ഹുസൈന്‍ ഷായ്ക്ക് വിടയേകി നാട്. തങ്ങളുടെ വീരപുത്രനായാണ് ആദിലിന്‍റെ മൃതദേഹത്തെ നാട് നെഞ്ചിലേക്ക് ഏറ്റുവാങ്ങിയത്. നൂറുകണക്കിന് പേര്‍ പങ്കെടുത്ത ആദിലിന്‍റെ സംസ്കാര ചടങ്ങില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പങ്കെടുത്തിരുന്നു.
ആദിലിന്‍റെ പിതാവിനെ ആശ്വസിപ്പിക്കുന്ന ഒമര്‍ അബ്ദുല്ല
‘ആക്രമണം തടുക്കാനാണ് ആദില്‍ ശ്രമിച്ചത്. തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ ഭീകരര്‍ ആദിലിനു നേരെ നിറയൊഴിക്കുകയായിരുന്നു. ആദിലിന്‍റെ കുടുംബത്തെ സംരക്ഷിക്കേണ്ടതുണ്ട്’ ഒമര്‍ അബ്ദുല്ല പറഞ്ഞു. കുടുംബത്തിന് വേണ്ടതെല്ലാം ചെയ്തു നല്‍കുമെന്നും എന്നും എപ്പോഴും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പു നല്‍കി. ബൈസരണിലെ പുല്‍മേടുകളിലൂടെ സഞ്ചാരികളെ കുതിരപ്പുറത്തേറ്റി നടത്തിയാണ് സയീദ് ആദില്‍ വരുമാനം കണ്ടെത്തിയിരുന്നത്. കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗമായിരുന്നു സയീദ്. ദിവസം 300 രൂപയായിരുന്നു ആദിലിന്‍റെ വരുമാനം. എല്ലാം തന്‍റെ സഹോദരിമാരുടെ വിവാഹത്തിനായി സ്വരുക്കൂട്ടി വയ്ക്കുകയായിരുന്നു ആദില്‍.
പഹല്‍ഗാമിലേക്ക് എത്തുന്നതിന് 20 കിലോമീറ്റര്‍ മുന്‍പുള്ള ഒരു ഗ്രാമത്തിലാണ് ആദിലിന്‍റെ വീട്. ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ആദിലിന്‍റെ ഇളയ സഹോദരന്‍ നൗഷാദ്, ആദില്‍ ജോലിക്ക് പോയിരുന്നോ എന്നറിയാന്‍ വേണ്ടി പിതാവ് ഹൈദര്‍ ഹുസൈനിനെ ഫോണില്‍ വിളിക്കുകയുണ്ടായി. ആദില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല എന്നാണ് നൗഷാദ് പറഞ്ഞത്. ഒടുവില്‍ വൈകീട്ടോടെയാണ് ആദില്‍ കൊല്ലപ്പെട്ട വാര്‍ത്ത കുടുംബം അറിയുന്നത്. വീട്ടില്‍ നിന്ന് ഭക്ഷണവുമെടുത്താണ് പതിവുപോലെ ആദില്‍ ജോലിക്കിറങ്ങിയത്. പക്ഷേ അവന്‍ ഒരിക്കലും ചേതനയറ്റ് തിരിച്ചുവരുമെന്ന് കരുതിയില്ലെന്ന് ആദിലിന്‍റെ ബന്ധു പറഞ്ഞു. കശ്മീരില്‍ അവധിയാഘോഷിക്കാന്‍ എത്തിയ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ മൃതദേഹവുമായാണ് മടങ്ങുന്നത്. കശ്മീരിന് ഒരിക്കലും ഇതൊന്നും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Image: hx.com/ArshadRazvi (left) , UNI/Photo Shah Junaid (Right)