Anantnag: Security personnel during a search operation at Baisaran area of Pahalgam to nab attackers of the Pahalgam terror attack, in Anantnag district, Jammu and Kashmir, Wednesday, April 23, 2025. (PTI Photo) (PTI04_23_2025_000081B)
പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തിന് വഴിവച്ചത് ഭീഷണി സന്ദേശം സുരക്ഷാസേന അവഗണിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പാക് അധീന കശ്മീരില്‍ നിന്നുള്ള ഭീകരവാദികളില്‍ ഒരാള്‍ ഭീകരാക്രമണത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ സുരക്ഷാസേന ഇത് ഗൗരവമായി എടുത്തില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായ ആസൂത്രണത്തോടെ, പരിശീലനം ലഭിച്ച സംഘമാണ് ആക്രമണം നടത്തിയതെന്നതും കൂട്ടത്തില്‍ മുന്‍പാക് സൈനികന്‍ ഉണ്ടായിരുന്നുവെന്നതും ഇതിന് തെളിവായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദികള്‍ക്ക് യഥാസമയം വിവരങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചുവെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവിലും കുറവായതും എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ജീവഹാനി ഏറെയുണ്ടാകാനും ഇടയുള്ള ബൈസരണ്‍ തിരഞ്ഞെടുത്തതിലും വരെ പാക് തന്ത്രമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആക്രമണം നടത്താനെത്തിയ ഭീകരര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് കാമറ ഘടിപ്പിച്ചതായിരുന്നുവെന്നും വിനോദസഞ്ചാരികളെ കൊല്ലുന്നതിന്‍റെയും ആളുകളില്‍ ഭീതി നിറയ്ക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണിവയെന്നും മറ്റ് ഭീകരസംഘടനകള്‍ക്ക് ഈ ദൃശ്യങ്ങള്‍ കൈമാറാനും ഭീകരര്‍ക്ക് പദ്ധതിയുണ്ടെന്നും ഇത് വ്യക്തമാക്കുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഭീകരാക്രമണം നടത്തിയ സംഘത്തില്‍ നാലോ അഞ്ചോ പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ പ്രാദേശിക ടൂര്‍ ഗൈഡ് മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ക്കിന്‍റെ മൂന്ന് ഭാഗത്ത് നിന്നായാണ് ഭീകരര്‍ പുല്‍മേട്ടിലേക്ക് കടന്നതെന്നും ആളുകളുടെ പേര് ചോദിച്ചതിന് പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും മൊഴിയില്‍ വിശദീകരിക്കുന്നു.
മുതിര്‍ന്ന ലഷ്കര്‍ കമാന്‍ഡറായ ഖാലിദ് എന്നറിയപ്പെടുന്ന സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഗുജ്രന്വാലയിലിരുന്നാണ് സെയ്ഫുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം, പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ആഭ്യന്തരമന്ത്രി അമിത്ഷായും യോഗത്തില്‍ പങ്കെടുക്കും. രാജ്യം ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഉത്തരവാദികളെ വെറുതേവിടില്ലെന്നും അമിത് ഷാ ഇന്നലെ പ്രസ്താവിച്ചിരുന്നു. രാജ്യാന്തര സമൂഹത്തെ വിശ്വാസത്തിലെടുത്ത ഭീകരതയ്ക്കെതിരായ പോരാട്ടം ഇന്ത്യ തുടരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.