Image Credit: X
രാജ്യം നടുങ്ങിയ ഭീകരാക്രമണത്തില്‍ ഹൃദയഭേദഗമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കശ്മീരിന്‍റെ സൗന്ദര്യത്തിലലിഞ്ഞ് അവധി ആഘോഷിക്കാനെത്തിയവരുടെ കളിചിരികളാണ് ഇല്ലാതായത്. മിക്കവരും കൊല്ലപ്പെട്ടതാകട്ടെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച്. ആ ഭയാനകമായ നിമിഷത്തെ കുറിച്ച് പറയുമ്പോള്‍ ഭയത്തിന്‍റെ, ദുഖത്തിന്‍റെ കടല്‍ ഓരോ മുഖത്തും കാണാം.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ ശുഭം ദ്വിവേദി. മധുവിധു ആഘോഷിക്കാന്‍ എത്തിയവര്‍. എന്നാല്‍ എത്രപെട്ടെന്നാണ് അവരുടെ കളിചിരികളില്‍ ഇല്ലാതായത്. ഭീകരാക്രമണം നടക്കുന്നതിന്‍റെ തലേദിവസം ഹോട്ടല്‍മുറിയില്‍ തന്‍റെ കുടുംബാംഗങ്ങളുമായി കളിചിരികളുമായി സമയം ചെലവഴിക്കുന്ന ശുഭത്തിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എത്രപെട്ടെന്നാണ് ആ സന്തോഷം ഇല്ലാതായത്..!
ഭാര്യയ്ക്കും മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാത്രി ചിലവഴിക്കുന്ന ശുഭത്തിന്‍റെ വിഡിയോയാണ് പ്രചരിക്കുന്നത്. ജമ്മുവിലെ ഒരു ഹോട്ടലില്‍ ഒരുമിച്ചിരുന്നു യൂനോ കളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തമാശ നിറഞ്ഞ രാത്രികള്‍ എന്ന് കുറിച്ച് ശുഭത്തിന്‍റെ ഭാര്യ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട വിഡിയായാണിത്. പിന്നാലെ മണിക്കൂറുകള്‍ക്കൊടുവില്‍ ഭീകരരുടെ വെടിയേറ്റ് ശുഭം കൊല്ലപ്പെടുകയാണുണ്ടായത്.
രണ്ടുമാസം മുന്‍പ്, ഫെബ്രുവരി 12നാണ് ശുഭം വിവാഹിതനായത്. മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയതായിരുന്നു. പാര്‍ക്കിലിരുന്ന ശുഭത്തോട് ഭീകരര്‍ പേര് ചോദിച്ചുവെന്നും പിന്നാലെ നെറ്റിയില്‍ വെടിയുതിര്‍ത്തുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് ശുഭത്തിന്‍റെ ബന്ധു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി. മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം യുപിയില്‍ എത്തിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച വിവരം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നുതന്നെ സ്വദേശത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, പഹല്‍ഗാമിലെ കാടുകളില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചില്‍. ഭീകരാക്രമണം നടന്ന ബൈസരണ്‍ വാലിയില്‍ എന്‍ഐഎ സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. ശ്രീനഗറിലുള്ള ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലും സുരക്ഷാ അവലോകയോഗം ചേര്‍ന്നു. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമിലെത്തിയ ആഭ്യന്തരമന്ത്രി അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് അമിത് ഷാ ഭീകരാക്രമണമുണ്ടായ ബൈസരണ്‍വാലിയിലെത്തി. ഇതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങുമായി കരസേനാമേധാവി കൂടിക്കാഴ്ച നടത്തി.