Security personnel move towards the site after terrorists attacked a group of tourists at Pahalgam, in Anantnag district, Jammu & Kashmir
രാജ്യത്തെ നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ 28 ആയിരിക്കുകയാണ്. 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷം ഏറ്റവും കൂടുതല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമാണ് പഹല്‍ഗാമിലേത്. പ്രധാനമന്ത്രി വിദേശത്തും , യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇന്ത്യയിലുമുള്ളപ്പോഴാണ് ഈ ആക്രമണം. ഇതാദ്യമായല്ല അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. വിദേശ നേതാക്കളോ ഉദ്യോഗസ്ഥരോ രാജ്യത്തുണ്ടായിരിക്കെ സാധാരണക്കാർക്കെതിരെ അഴിച്ചുവിടുന്ന ഭീകാരാക്രമണങ്ങൾ പരമാവധി രാജ്യാന്തര ശ്രദ്ധ നേടനാുള്ള ഭീകരവാദികളുടെ തന്ത്രം കൂടിയാണ്.
2000 മാർച്ച് 20 ന് രാത്രിയാണ് ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഛത്തിസിങ്‌പോര ഗ്രാമത്തിൽ സിഖ് സമുദായത്തെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിൽ 36 പേർ കൊല്ലപ്പെടുന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബില്‍ ക്ലിന്‍റന്‍ പിറ്റേദിവസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു ആക്രമണം. മാര്‍ച്ച് 21 മുതല്‍ 25 വരെയായിരുന്നു ബില്‍ ക്ലിന്‍റന്‍റെ ഇന്ത്യാ സന്ദര്‍ശനം. പാകിസ്ഥാന്‍ പിന്തുണ നല്‍കിയ ഭീകരവാദികളായിരുന്നു അന്ന് ആക്രമണം നടത്തിയത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആക്രമണത്തിന് പിന്നിലെ പാകിസ്ഥാന്‍ പിന്തുണയെ ശക്തമായി അപലപിച്ചിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റീന ബി റോക്ക ഇന്ത്യ സന്ദർശിക്കുന്നതിനിടെ 2002 മെയ് 14 ന് ജമ്മു കശ്മീരിലെ കലുച്ചക്കിന് സമീപം ഭീകരാക്രമണമുണ്ടായി. മണാലിയില്‍ നിന്നും ജമ്മുവിലേക്ക് പോകുകയായിരുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ ബസ് ആക്രമിച്ച മൂന്ന ഭീകരവാദികള്‍ ഏഴ് സാധാരണക്കാരെയാണ് അരുംകൊല ചെയ്തത്. അതിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഫാമിലി ക്വോട്ടേഴ്സിലെത്തിയ സംഘം പത്ത് കുട്ടികളേയും എട്ട് സ്ത്രീകളേയും അഞ്ച് ആര്‍മി ഉദ്യോഗസ്ഥരെയും അടക്കം 23 ജീവനുകളാണ് എടുത്തത്.
ഈ ആക്രമണങ്ങളുടെ ചുവടുപിടിച്ചാണ് വീണ്ടുമൊരു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയിലിരിക്കേ ഇന്നലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണക്കില്‍ വാന്‍സ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടേയും ഇവിടത്തെ ജനങ്ങളുടെയും സ്നേഹത്തിലും സൗന്ദര്യത്തിലും ഞങ്ങൾ മതിമറന്നു നില്‍ക്കുകയായിരുന്നു. ഇന്ന് ഇന്ത്യ ദുഃഖിക്കുമ്പോൾ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പമാണ്’ വാന്‍സ് എക്സില്‍ കുറിച്ചു. ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ വിളിച്ചിരുന്നു. ഭീകരാക്രമണത്തെ അപലപിച്ച ട്രംപ്, ഭീകരാക്രമണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണയറിയിച്ചു.
നിലവില്‍ ഭീകരാക്രമണമുണ്ടായ പഹല്‍ഗാമിനെ സംബന്ധിച്ചിടത്തോളം ഇതാദ്യമായല്ല പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളുടെ ചോരവീഴുന്നത്. 1995 ജൂലൈയില്‍ യുഎസ്, ബ്രിട്ടന്‍, നോര്‍വേ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 6 വിദേശികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഭീകരന്‍ മസൂദ് അസറിന്‍റെ മോചനത്തിനായി അല്‍ ഫരാന്‍ എന്ന സംഘടനായിരുന്നു ഇതിനുപിന്നില്‍. ഇതിൽ ഒരാൾ രക്ഷപ്പെട്ടു. മറ്റൊരാളുടെ തലവെട്ടുകയും ചെയ്തു. ബാക്കിയുള്ളവർക്ക് എന്തു സംഭവിച്ചെന്ന് ഇന്നും അജ്ഞാതമാണ്. 95 ലെ ഈ ഭീകരാക്രമണത്തിന് ശേഷമുള്ള പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണ് ഇന്നലെ ഉണ്ടായത്.
Anantnag: Security personnel rush to the spot after terrorists attacked a group of tourists at Pahalgam, in Anantnag district, Jammu & Kashmir, Tuesday, April 22, 2025. At least 12 people suffered injuries in the attack, according to officials. (PTI Photo)(PTI04_22_2025_000274B)
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം 2019 ആഗസ്റ്റ് മുതൽ സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിനോദസഞ്ചാര മേഖലയിലെ ഈ വര്‍ദ്ധനവ് പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും കശ്മീരിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യുന്നു. എന്നാല്‍, പഹൽഗാം ഭീകരാക്രമണം കാശ്മീരിന്‍റെ വിനോദസഞ്ചാരമേഖലയെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.