Image Credit: X
ജമ്മു പഹൽഗാം ഭീകരാക്രമണത്തിൽ ഹൈദരാബാദില്‍ ജോലിചെയ്യുന്ന ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും. ബിഹാറില്‍ നിന്നുള്ള മനിഷ് രഞ്ജനെയാണ് ഭീകരവാദികള്‍ ഭാര്യയുടേയും മക്കളുടേയും മുന്നില്‍വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. ഭീകരാക്രമണമുണ്ടാകുമ്പോള്‍ കുടുംബത്തോടും മറ്റു സഞ്ചാരികള്‍ക്കുമൊപ്പം കശ്മീരിലെ പ്രശസ്തമായ ബൈസരൺ താഴ്‌വരയിലായിരുന്നു അദ്ദേഹം.
ഹൈദരാബാദിലെ ഐബി ഓഫീസില്‍ മിനിസ്റ്റീരിയല്‍ വിങിലാണ് മനിഷ് ജോലി ചെയ്തിരുന്നത്. മനിഷിന് തലയിലാണ് വെടിയേറ്റതെന്നും ഭാര്യയും കുട്ടികളും സുരക്ഷിതരാണെന്നുമാണ് ലഭിക്കുന്ന വിവരം. മനിഷ് രഞ്ജനെ കൂടാതെ കൊച്ചിയില്‍ ജോലി ചെയ്യുന്ന 26 കാരനായ നാവികസേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാന സ്വദേശിയായ അദ്ദേഹം മധുവിധു ആഘോഷിക്കാന്‍ ഭാര്യയോടൊപ്പം കശ്മീരില്‍ എത്തിയതായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ഈ ഭീരുക്കള്‍ക്ക് ഇന്ത്യൻ ജനതയുടെ ആത്മാവിനെയോ പ്രതിരോധശേഷിയെയും ഇളക്കാനാവില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഭീകരവാദ സംഘടനകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി എൻ. ചന്ദ്രബാബു നായിഡുവും എക്സില്‍ കുറിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണം രാജ്യവ്യാപകമായി വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. ലോകരാജ്യങ്ങളുള്‍പ്പെടെ ഭീകരാക്രമണത്തെ അപലപിച്ചും ഇന്ത്യയെ പിന്തുണച്ചും രംഗത്തുണ്ട്. ആക്രമണത്തില്‍ മലയാളിയടക്കം 27 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരുക്കേക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി സ്വദേശി എൻ. രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. ഭീകരാക്രമണത്തിന് പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.
ഇന്നലെ ശ്രീനഗറിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം 'ദ് റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണം നടന്ന പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഭീകരാക്രമണത്തിനെതിരെ മെഴുകുതിരി കത്തിച്ച് ജമ്മുകശ്മീരിലെ വിവിധയിടങ്ങളില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.