ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന സ്ഥലത്തെത്തിയ സുരക്ഷാ സേന. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നു.

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ സഞ്ചാരികള്‍ക്കുനേരെ ഭീകരാക്രമണം. ട്രക്കിങ്ങിനുപോയവര്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതുമായാണ് വിവരം. പ്രദേശം വളഞ്ഞ സുരക്ഷാ സേന പരിശോധന ആരംഭിച്ചിട്ടുണ്ട്. 

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ബൈസരൻ വാലിയിലെ മലകളില്‍ ഒളിച്ചിരുന്ന ഭീകരരാണ് സഞ്ചാരികളെ ആക്രമിച്ചത്. നീണ്ട പച്ചപ്പുൽമേടുകൾ കാരണം 'മിനി സ്വിറ്റ്‌സർലൻഡ്' എന്ന് വിളിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ ഭാഗത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാല്‍ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്കായി ഹെലികോപ്റ്റര്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഗ്രാമീണരുടെ കുതിരകളില്‍ പരിക്കേറ്റവരെ താഴേക്ക് എത്തിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

പഹല്‍ഗാമിലെ ആശുപത്രിയില്‍ പരിക്കേറ്റ് 12 വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു. എന്‍റെ ഭര്‍ത്താവിന്‍റെ തലയ്ക്ക് വെടിയേറ്റെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ പിടിഐയോട് പറഞ്ഞു. 

സൗദി അറേബ്യ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി‌ നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ച് സ്ഥിതി വിലയിരുത്തി. ആഭ്യന്തര മന്ത്രിയോട‌് പഹല്‍ഗാം സന്ദര്‍ശിക്കണമെന്ന് മോദിയുടെ നിര്‍ദേശിച്ചു. അമിത് ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A terror attack targeted tourists on a trekking trip in Pahalgam, Jammu & Kashmir. One person was killed and several others injured as militants opened fire. Security forces have cordoned off the area and launched a search operation.