ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സേന. Photo by Tauseef MUSTAFA / AFP
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത് ലഷ്കറെ തയിബയുമായി ബന്ധമുള്ള ദി റസിസ്റ്റന്‍സ് ഫ്രണ്ട് ആണ്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ നിയമഭേദഗതിക്ക് പിന്നാലെ 2019 ലാണ് സംഘടന രൂപീകരിക്കുന്നത്. ചെറിയ കാലയളവിനുള്ളല്‍ സുരക്ഷാ സേനയെയും തദ്ദേശിയരല്ലാത്തലരെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള്‍ നടത്തിയ സംഘടനയാണ് ടിആര്‍എഫ്.
പഹല്‍ഗാമിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടിആര്‍എഫിന്‍റെ പ്രസ്താവനയെന്ന് എക്സില്‍ പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ, 'തദ്ദേശിയരല്ലാത്ത 85,000 പേര്‍ കശ്മീരില്‍ താമസസ്ഥലം സ്വന്തമാക്കി. അവര്‍ സഞ്ചാരികള്‍ എന്ന വ്യാജേന എത്തുകയും ഭൂമി സ്വന്തമാക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി നിയമപരമായി ഭൂമിയുള്ളവരും ഇത്തരക്കാരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നു'.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ടിആര്‍എഫ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. കശ്മീരിലുള്ള നുഴഞ്ഞുകയറ്റത്തിലും, പാകിസ്ഥാനിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ഭീകരസംഘടനയ്ക്കുണ്ട്. മുംബൈ ഭീകരാക്രമണം ഉൾപ്പെടെ നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്ന നിരോധിത ലഷ്‌കറെ തയിബയുമായി ബന്ധമുള്ളവരാണ് ടിആര്‍എഫിന്‍റെ ഭാഗമായുള്ളത്.
ലഷ്കറെ തയിബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയില്‍ നിന്നുള്ള ഭീകരെ ഉൾപ്പെടുത്തിയാണ് ടിആർഎഫ് രൂപീകരിച്ചത്. കശ്മീരിലെ ഭീകരവാദത്തിന് പ്രാദേശികവൽക്കരിച്ച മുഖം നൽകുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. യുഎപിഎ നിയമപ്രകാരം ഭീകരവാദിയായി പ്രഖ്യാപിച്ച ഷെയ്ഖ് സജ്ജാദ് ഗുൽ ആണ് സംഘടനയുടെ കമാൻഡര്‍. ബാസിത് അഹമ്മദ് ദാർ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ്.
സാധാരണക്കാരെയും സുരക്ഷാ സേനയെയും ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതൃത്വത്തെയും ആക്രമിച്ച പല സംഭവങ്ങളുടെയും പിന്നില്‍ ടിആര്‍എഫ് ആണ്. കശ്മീരി പണ്ഡിറ്റുകൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവര്‍ക്കെതിരായ ആക്രമണങ്ങളിലും ടിആർഎഫിന് പങ്കുണ്ട്. ഐഎസ്ഐ അടക്കമുള്ള പാക്ക് ഭരണകൂട പിന്തുണയോടെയാണ് ഇവയുടെ പ്രവര്‍ത്തനം എന്നാണ് വിവരം.
2023 ജനുവരിയിലാണ് ഇന്ത്യ ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്.