ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ സഞ്ചാരികള്‍ക്കെതിരായ വെടിവെയ്പ്പിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ ഭര്‍ത്താവിനെ രക്ഷിക്കൂ എന്ന് പറഞ്ഞ് കരയുന്ന യുവതിയുടെ വിഡിയോ ആക്രമണത്തിന്‍റെ തീവ്രത കാണിക്കുന്നതാണ്.
ഞങ്ങള്‍ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് ഒരാള്‍ വന്ന് ഭര്‍ത്താവിനെ വെടിവെച്ചു എന്നാണ് വിഡിയോയില്‍ ഒരു സ്ത്രീ പറയുന്നത്. മുഖത്ത് രക്തം പുരണ്ട നിലയില്‍ നിസ്സാഹായതയോടെ വിഡിയോ ചിത്രീകരിക്കുന്നയാളെ നോക്കുന്ന ഒരു സ്ത്രീയെയും കാണാം. ഒന്നിലധികം ആളുകള്‍ പരിക്കേറ്റ് നിലത്ത് കിടക്കുന്നതും ആക്രമണത്തിന്‍റെ നടുക്കത്തില്‍ വിറയ്ക്കുന്ന കുട്ടിയും വിഡിയോയിലുണ്ട്.
ചോരാവാര്‍ന്ന് കസേരയിലിരിക്കുന്ന ഒരു പുരുഷനോടൊപ്പം നില്‍ക്കുന്ന യുവതി ദൈവത്തെ ഓര്‍ത്ത് ഭര്‍ത്താവിനെ രക്ഷിക്കണം എന്നും ആവശ്യപ്പെടുന്നു. "ദയവായി, ആരെങ്കിലും അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ. ദയവായി, ദയവായി സഹായിക്കൂ." എന്നും യുവതി ആവശ്യപ്പെടുന്നു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകരാക്രമണം നടന്നത്. ബൈസരൻ വാലിയിലെ മലകളില്‍ ഒളിച്ചിരുന്ന ഭീകരരാണ് സഞ്ചാരികളെ ആക്രമിച്ചത്. നീണ്ട പച്ചപ്പുൽമേടുകൾ കാരണം 'മിനി സ്വിറ്റ്‌സർലൻഡ്' എന്ന് വിളിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ ഭാഗത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാല്‍ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഗ്രാമീണരുടെ കുതിരകളില്‍ പരിക്കേറ്റവരെ താഴേക്ക് എത്തിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.