ജാർഖണ്ഡിലെ ബൊക്കാറോയില്‍ വൻ മാവോയിസ്റ്റ് വേട്ട. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട നേതാവ് അടക്കം എട്ട് മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു. ആയുധശേഖരവും കണ്ടെടുത്തു. അതേസമയം ഛത്തീസ്ഗഡിലെ സാഹചര്യം ധരിപ്പിക്കാൻ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വൈകീട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബൊക്കാറോയിലെ ലുഗു ഹിൽസ് വനമേഖലയിലേക്ക് സിആര്‍പിഎഫിന്‍റെ കോബ്രാ കമാന്‍ഡോകളും പോലീസും എത്തിയത്. പുലര്‍ച്ചെ അഞ്ചരയോടെ നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ശക്തമായ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു കോടി രൂപ തലക്ക് വിലയിട്ട വിവേക് എന്ന് വിളിക്കുന്ന പ്രയാഗ് മാഞ്ചി എന്ന മാവോയിസ്റ്റ് നേതാവിനെ അടക്കം 8 പേരെ വധിക്കാൻ സുരക്ഷാസേനയ്ക്കായി. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ എകെ 47 തോക്കടക്കം വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. പ്രദേശം വളഞ്ഞ സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ 2026 മാർച്ചിനുള്ളിൽ തുടച്ചുനീക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടപടി ശക്തമാക്കിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടാത്തതെന്നും നിരപരാധികൾ ഇരകളാകുന്നില്ലെന്ന് ഉറപ്പാക്കണം എന്നും ഇടതു പാർട്ടികൾ ആവർത്തിക്കുന്നു.