തന്ത്രപ്രധാനമായ ട്രിങ്കോമാലി പ്രദേശത്ത് ശ്രീലങ്കയുമായിചേര്‍ന്ന് നാവികാഭ്യാസം നടത്താനുള്ള പാകിസ്ഥാന്‍ നാവികസേനയുടെ പദ്ധതി പാളി. ഇന്ത്യയുടെ തന്ത്രപരമായ ഇടപെടലിനെത്തുടര്‍ന്ന് അഭ്യാസപ്രകടനത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറി. ഇതോടെ പുതിയ നീക്കവുമായെത്തിയ പാകിസ്ഥാന് കിട്ടിയത് വന്‍തിരിച്ചടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനു മുന്‍പാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നാവികാഭ്യാസത്തിനു പദ്ധതിയിട്ടിരുന്നത്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പദ്ധതി റദ്ദാക്കുകയാണെന്ന് ശ്രീലങ്ക നിലപാടെടുത്തത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറെ പ്രധാനപ്പെട്ട പ്രദേശമാണ് ട്രിങ്കോമാലി. നാവികസുരക്ഷയുമായി ബന്ധപ്പെട്ടു മാത്രമല്ല, ഊര്‍ജരംഗത്തും ഇന്ത്യയ്ക്കു പ്രാധാന്യമുള്ള സ്ഥലമാണിത്. ട്രിങ്കോമാലിയെ പ്രാദേശിക ഊര്‍ജകേന്ദ്രമായി വികസിപ്പിക്കാന്‍ ഈ മാസമാദ്യം യുഎഇ നിക്ഷേപമന്ത്രാലയവും ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ശ്രീലങ്കന്‍ ഊര്‍ജമന്ത്രാലയവും ത്രികക്ഷി ധാരണാപത്രം ഒപ്പിട്ടിരുന്നു.
ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് 2022ല്‍ ചൈനയുടെ ചാരക്കപ്പല്‍ നങ്കൂരമിട്ടത് ഇന്ത്യയുടെ എതിര്‍പ്പിനു കാരണമായിരുന്നു. ഇന്ത്യന്‍ സമുദ്രത്തില്‍ ചൈന ഉള്‍പ്പെടെ രാജ്യങ്ങള്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഈയിടെ ശ്രീലങ്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധസഹകരണത്തിനു ചട്ടക്കൂട് രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള കരാറുകളില്‍ ഒപ്പുവച്ചത്.