AI generated image
അവധിക്കാലം കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉല്ലാസകാലമാണ്. കുടുംബസമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും കാഴ്ചകള്‍ കാണാനിറങ്ങുന്ന കാലം. എന്നാല്‍ തീര്‍ത്തും ജാഗ്രതയോടെ വേണം ഇത്തരം യാത്രകള്‍ക്ക് പുറപ്പെടാനെന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. സഞ്ചാരികളെ കബളിപ്പിക്കാന്‍ ഒരുപറ്റം ആളുകള്‍ ഇറങ്ങിയിട്ടുണ്ട്, അത്തരം തട്ടിപ്പിലൊന്നും വീണുപോകരുതെന്നാണ് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തുന്നത്.
ടൂര്‍ പാക്കേജുകളും അവധിക്കാല തീര്‍ഥയാത്രകളും വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈന്‍ പാക്കേജുകള്‍ പലതും ആളുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ചെറിയ പൈസയ്ക്ക് ആകര്‍ഷമായ ഓഫറുകളാണ് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. വ്യാജ വെബ്സൈറ്റുകളും സമൂഹമാധ്യമ പേജുകളും വഴിയാണ് തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജാഗ്രതയോടെ പെരുമാറണമെന്നും ബോധ്യപ്പെടുത്തുകയാണ് ആഭ്യന്തരമന്ത്രാലയം.
ഇന്ത്യയ്ക്കകത്ത് മാത്രമല്ല വിദേശരാജ്യങ്ങളിലേക്കുള്‍പ്പെടെ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒടുവില്‍ പണംവാങ്ങി മുങ്ങുകയാണ് ഇവരുടെ പതിവ്. അവധിക്കാല ടൂര്‍ പാക്കേജുകള്‍ ഓഫര്‍ ചെയ്യുന്ന ഗ്രൂപ്പുകളെക്കുറിച്ച് കൃത്യമായി അന്വേഷിച്ചു മാത്രമേ കാര്യങ്ങള്‍ മുന്നോട്ടുനീക്കാവൂയെന്നും ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കുന്നു