പ്രതീകാത്മക ചിത്രം
ഡേറ്റ് ചെയ്തത് 27കാരിയെ ആയിരുന്നില്ല 48കാരിയെ ആണെന്ന് യുവാവ് തിരിച്ചറിഞ്ഞത് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് 26കാരനായ യുവാവിന് തിരിച്ചറിവുണ്ടായത്, പിന്നെ ഒരു മരവിപ്പായിരുന്നെന്ന് പറയുകയാണ് ഇയാള്‍. റെഡിറ്റിലാണ് യുവാവ് തന്റെ കദനകഥ വിവരിച്ചത്.
1998ലാണ് ജനിച്ചതെന്നായിരുന്നു ഡേറ്റിങ് കാലത്ത് യുവതി യുവാവിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പാസ്പോര്‍ട്ട് കാണാനിടവന്നതോടെയാണ് 1977ല്‍ ജനിച്ച വ്യക്തിയാണെന്ന് ബോധ്യപ്പെട്ടത്. ചങ്കും മനസും തകര്‍ന്ന അവസ്ഥയാണ് യുവാവിന്. കാഴ്ചയില്‍ പ്രായം തോന്നാത്തതുകൊണ്ടു തന്നെ യുവതിയെ സംശയിക്കത്തക്ക സാഹചര്യങ്ങള്‍ അധികമുണ്ടായിരുന്നില്ല. എങ്കിലും അവളുടെ സുഹൃത്തുക്കളെല്ലാവരും കൂടുതല്‍ പ്രായമുള്ളവരായിരുന്നു. പക്ഷേ അവരെയൊന്നും നേരിട്ട് കാണാനോ പരിചയപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
പലതവണയായി പലരീതിയില്‍ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് തന്റെ പെണ്‍സുഹൃത്ത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ജനനത്തിയ്യതി കണ്ടെത്തിയതിനൊപ്പം ലാപ്ടോപില്‍ ഒരു പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് റിസല്‍ട്ട് കൂടി കണ്ടെത്തിയെന്നും യുവാവ് പറയുന്നു. ഡേറ്റിങ് ആരംഭിക്കുന്നതിനു രണ്ടുമാസം മുന്‍പെടുത്ത ടെസ്റ്റ് ആണിതെന്നും യുവാവ്.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ ഈ ബന്ധം ഉപേക്ഷിക്കാനാണ് സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നത്. നുണകളില്‍ വച്ചുകെട്ടിയ ബന്ധം ഉപേക്ഷിക്കണം. നാലുവര്‍ഷത്തോളം ഈ രീതിയില്‍ ചതിച്ചെങ്കില്‍ അവളൊരു സൈക്കോപാത് ആയിരിക്കുമെന്നാണ് ചിലരുടെ കമന്റുകള്‍. മാതാപിതാക്കളല്ല മുത്തശ്ശനാണ് തന്നെ വളര്‍ത്തിയതെന്നും അതുകൊണ്ട് കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളൊന്നും തന്റെ കയ്യിലില്ലെന്നും യുവതി പറഞ്ഞെന്ന് യുവാവ് വ്യക്തമാക്കുന്നു. ഏതായാലും ആ ബന്ധത്തില്‍ ബിഗ് ബ്രേക്കപ് സംഭവിച്ചിരിക്കുകയാണ്.