TOPICS COVERED

ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാരെ സഹായിക്കാനായി റോബോട്ടിനെ വികസിപ്പിച്ചെടുത്ത് തെലങ്കാനയിലെ വോക്‌സെൻ സർവകലാശാലയിലെ ഗവേഷകർ. ലോഹങ്ങള്‍ക്കും പ്ലാസ്റ്റിക്കിനും പകരമായി പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഭാഗങ്ങളും ഉപയോഗിക്കുന്നു എന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകത.

വളരെ കൃത്യവും സൂക്ഷ്മവുമായ ശസ്ത്രക്രിയകൾ ചെയ്യുന്നതിനായാണ് റോബോട്ടിനെ രൂപകൽപ്പന ചെയ്തത്. ഫൈബര്‍, സില്‍ക്, ചിലന്തിയുടെ എക്സോസ്കെലിറ്റൺ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ പ്രകൃതിക്ക് ഇത് ഹാനികരമാകുന്നില്ല എന്നതാണ് പ്രത്യേകത. മാത്രമല്ല ഇത് വഴി ശസ്ത്രക്രിയ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പ്ലാസ്റ്റിക്കും ലോഹവും പുനസ്ഥാപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 

തലച്ചോറ്, കണ്ണുകൾ, ഹൃദയം എന്നിവയിലെ ശസ്ത്രക്രിയകൾക്ക് ഇത്തരം റോബോട്ടുകള്‍ കൂടുതല്‍ ഉപയോഗപ്രദമാണെന്നാണ് ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്. ശസ്ത്രക്രിയയുടെ കൃത്യത 70% വർദ്ധിപ്പിക്കാനും ആരോഗ്യകരമായ കലകൾക്കുള്ള കേടുപാടുകൾ 50% കുറയ്ക്കാനും ഇതിന് കഴിയുമെന്നും പരീക്ഷണങ്ങൾ തെളിയിക്കുന്നു. ഇത് രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

നേത്ര ചികില്‍സാരംഗത്ത് തിമിരം നീക്കം ചെയ്യാനും റെറ്റിനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത്തരം റോബോട്ടുകള്‍ക്ക് സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഹൃദയ സംബന്ധമായ ചികില്‍സകളില്‍ മൈക്രോവാസ്കുലർ സ്യൂട്ടറിങ്, വെസൽ റിപ്പയർ തുടങ്ങിയ സങ്കീർണ്ണമായ നടപടിക്രമങ്ങളെയും ഇത് പിന്തുണയ്ക്കും. ഡോക്ടർമാർക്ക് ഈ റോബോട്ട് ഉപയോഗിച്ച് ദൂരെ നിന്നും ശസ്ത്രക്രിയകൾ ചെയ്യാൻ കഴിയും എന്നതാണ്  മറ്റൊരു പ്രത്യേകത. അതിനാല്‍ തന്നെ സ്പെഷ‌ലിസ്റ്റുകൾ ലഭ്യമല്ലാത്ത വിദൂര അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ ഇത് ഉപയോഗപ്രദമായിരിക്കും.

സുസ്ഥിരത, കൃത്രിമബുദ്ധി, മനുഷ്യ വൈദഗ്ധ്യം എന്നിവ സംയോജിപ്പിച്ച് ശസ്ത്രക്രിയയുടെ ഭാവി കെട്ടിപ്പടുക്കുന്നതെന്നാണ് ലക്ഷ്യമെന്ന് റോബോട്ടിനെ വികസിപ്പിച്ചെടുത്ത ഗവേഷകര്‍ പറഞ്ഞു. ഈ സംവിധാനം ഒരു സാങ്കേതിക നാഴികക്കല്ല് എന്നതിലുപരി ആരോഗ്യ സംരക്ഷണത്തിന് ഉത്തരവാദിത്തത്തോടെയും നീതിപൂർവ്വമായും എങ്ങനെ വികസിക്കാൻ കഴിയും എന്നതിന് ഉദാഹരണമാണെന്നുംഅവര്‍ കൂട്ടിച്ചേര്‍ത്തു. സംവിധാനം എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കുന്നതിനായി ഡോക്ടർമാർക്കായി പ്രത്യേക പരിശീലന പരിപാടിയും സർവകലാശാല ആരംഭിക്കുന്നുണ്ട്. കോഴ്‌സിൽ വെർച്വൽ പ്രാക്ടീസ്, തല്‍സമയ പരിശീലനം, ആശുപത്രികളിലുള്ള വര്‍ക്ക് ഷോപ്പുകളും എന്നിവ ഉള്‍പ്പെടും.

ENGLISH SUMMARY:

Researchers from Woxsen University in Telangana have developed a robot designed to assist doctors during surgeries. What sets this robot apart is its use of components made from natural materials instead of metals or plastic. A step forward in sustainable medical technology, this innovation combines precision with eco-conscious engineering.