പ്രതീകാത്മക ചിത്രം.
മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിക്കുന്നവര്‍ക്ക് പൊലീസ് സുരക്ഷയൊരുക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വിവാഹിതരായവര്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് പൂര്‍ണമായും ബോധ്യപ്പെടുകയാണെങ്കില്‍ മാത്രം പൊലീസ് സുരക്ഷ നല്‍കിയാല്‍ മതിയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ച ദമ്പതികള്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട സംഭവത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ പൊലീസ് സഹായം തേടാം. അല്ലാത്തപക്ഷം ദമ്പതികള്‍ പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു നീങ്ങണം. പരസ്പര പിന്തുണയോടെ സമൂഹത്തെ നേരിടണം എന്നാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ പറഞ്ഞിരിക്കുന്നത്. മറ്റ് വ്യക്തികള്‍ തങ്ങളുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്നു. വിവാഹജീവിത്തെ ഇത് മോശമായി ബാധിക്കുന്നു, അതുകൊണ്ട് പൊലീസ് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ശ്രേയ കേസര്‍വാണി എന്ന യുവതിയും ഇവരുടെ ഭര്‍ത്താവും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ കേസിലാണ് കോടതി ഇങ്ങനെയൊരു വിധി പറഞ്ഞിരിക്കുന്നത്.
കേസ് പരിഗണിച്ചപ്പോള്‍ കാര്യമായി ഭീഷണിയോ മറ്റൊന്നും തന്നെ രണ്ടുപേര്‍ക്കും നേരിടേണ്ടി വരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി. അതുകൊണ്ട് പൊലീസ് സുരക്ഷ വേണ്ടതില്ല. മാത്രമല്ല സ്വന്തം ഇഷ്ടത്തിന് ഓടിപ്പോയി കല്യാണം കഴിച്ചിട്ട് അവസാനം സുരക്ഷ വേണം എന്നുപറഞ്ഞ് വന്നാല്‍ കോടതിയും പൊലീസുമൊക്കെ അതിനുവേണ്ടി മാത്രമല്ല ഇവിടെയുള്ളത് എന്നും രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു.