മുംബൈ ആക്രമണത്തിന് സമാനമായി മറ്റ് ഇന്ത്യന്‍ നഗരങ്ങളെയും തഹാവൂര്‍ റാണ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ. ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യംചെയ്യലില്‍ തൃപ്തികരമായ മറുപടികള്‍ റാണ നല്‍കുന്നില്ലെന്നും സൂചന. ഡല്‍ഹിക്ക് പുറത്തേക്ക് തെളിവെടുപ്പിന് റാണയെ കൊണ്ടുപോയേക്കും.
2006 മുതല്‍ 2008 വരെ തഹാവൂര്‍ റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും രാജ്യത്ത് സന്ദര്‍ശിക്കാത്ത നഗരങ്ങള്‍ കുറവാണ്. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ മുന്‍പ്,, 2008 നവംബര്‍ 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലാണ് തഹാവൂര്‍ റാണ സന്ദര്‍ശനം നടത്തിയത്. ലഷ്കറെ തയിബയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ തിരിച്ചറിയാനുമായിരുന്നു റാണയുടെ സന്ദര്‍ശനങ്ങള്‍. ഈ നാല് നഗരങ്ങള്‍ക്ക് പുറമെ വടക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും റാണയെത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍.
2008 ജൂലൈ 25ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിലും 2008 സെപ്റ്റംബറിലെ ഭീകരവാദ സംഘടനകളിലേക്ക് കേരളത്തില്‍നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും റാണയ്ക്കുള്ള പങ്ക് എന്‍ഐഎയ്ക്ക് നേരത്തെ അറിവുള്ളതാണ്. കേളത്തില്‍നിന്ന് നാല് യുവാക്കള്‍ കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ഈ കേസുകളില്‍ സംസ്ഥാന ഏജന്‍സികള്‍ക്കും റാണയെ ചോദ്യംചെയ്യാന്‍ അവസരം ലഭിച്ചേക്കും. ലഷ്കറെ തയിബയുടെ ഗള്‍ഫിലെ പ്രധാനിയുമായുള്ള ബന്ധവും എന്‍ഐഎയ്ക്ക് ചോദിച്ചറിയണം. തഹാവൂര്‍ റാണയെ എല്ലാ 24 മണിക്കൂറിലും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെയും കാണാം. ഒരു പേന മാത്രമാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. മൂന്ന് മണിക്കൂര്‍ നേരം മാത്രമാണ് റാണയെ ഇന്നലെ ചോദ്യംചെയ്തത്. വ്യക്തമായ മറുപടികള്‍ റാണയില്‍നിന്ന് ലഭിക്കുന്നില്ലെന്നാണ് സൂചന.