വമ്പൻ സുരക്ഷയിൽ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ നാലുമണിയോടെ ഡൽഹിയിലെത്തിക്കും. എൻഐഎ ആസ്ഥാനത്തും പട്യാല ഹൗസ് കോടതിയിലും കേന്ദ്രസേനയെ വിന്യസിച്ചു. എന്‍.ഐ.എ അന്വേഷിക്കുന്ന കേസിൽ നരേന്ദർ മാനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ചു.
പാലം വിമാനത്താവളത്തിലാണ് റാണയുമായുള്ള പ്രത്യേക വിമാനം എത്താൻ സാധ്യത. ഇവിടെനിന്നും കമാൻഡോ സുരക്ഷയിൽ എൻ.ഐ.എ ആസ്ഥാനത്തെത്തിക്കും. ഡൽഹി പൊലീസ് സ്വാറ്റ് ടീം പലയിടങ്ങളിലും നിലയുറപ്പിച്ചു.
എൻ.ഐ.എ ആസ്ഥാനത്തിന് മുൻപിൽ ബി.എസ്.എഫിനെ വിന്യസിച്ചു. റോഡുകൾ അടച്ചും മെട്രോ ഗേറ്റുകൾ പൂട്ടിയിട്ടും പൊതുജനങ്ങളെ നിയന്ത്രിക്കുന്നു. ഇന്ത്യയിലെത്തിയാലുടന്‍ പ്രാഥമിക ചോദ്യംചെയ്യലും തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തും. സുരക്ഷ കണക്കിലെടുത്ത് റാണയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുക ഓണ്‍ലൈനായി എന്നാണ് വിവരം. പട്യാല ഹൗസ് കോടതിയിലും എൻഐഎ ആസ്ഥാന പരിസരത്തും ഡൽഹി പൊലീസ് ഡി.സി.പിമാരുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്തി.
എയർ ട്രാഫിക് കണ്ട്രോൾ പ്രത്യേക വിമാനത്തിന്റെ ഗതി നിരന്തരം നിരീക്ഷിക്കുന്നു. ആവശ്യമെങ്കിൽ ഇടപെടാൻ എൻ.എസ്.ജിയും തയാർ. പ്രത്യേക എൻ.ഐ.എ കോടതിയിലാകും തഹാവൂർ റാണയെ വിചാരണ ചെയ്യുക. കേസിൽ നരേന്ദർ മാനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര ആഭ്യന്തരമാന്ത്രാലയം നിയമിച്ചു. ഇന്ത്യയ്ക്ക് കൈമാറി ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഹൈവാല്യൂ ഐ.എസ്.ഐ ഏജന്റാണ് തഹാവൂർ റാണ.