soundarya-actress

2004 ഏപ്രില്‍ 17. സിനിമാ ലോകത്തെ ഞെട്ടിച്ച് ആ വാര്‍ത്ത. തെന്നിന്ത്യന്‍ നടി സൗന്ദര്യ വിമാനാപകടത്തില്‍  കൊല്ലപ്പെട്ടു.  21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ അപകടം മാധ്യമങ്ങളില്‍ നിറയുന്നു. നടിയെ മനപൂര്‍വം അപകടത്തില്‍പെടുത്തിയതാണന്നും ഇതിനു പിന്നില്‍ തെലുങ്ക് നടന്‍ മോഹന്‍ ബാബുവാണന്നും ആരോപണം. ദുരൂഹതയുടെ കനലെരിയുമ്പോള്‍ യാഥാര്‍ഥ്യം ഒരു തരിയെങ്കിലുമുണ്ടോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.

 

ആന്ധ്രപ്രദേശിലെ ഖമ്മം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ചിറ്റിമല്ലുവിന്റെ പരാതിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ദുരന്തത്തെ വീണ്ടും ലൈംലൈറ്റിലെത്തിച്ചത്. തെലുങ്ക് നടന്‍ മോഹന്‍ ബാബുവും സൗന്ദര്യയും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നെന്നു ഖമ്മം എസിപിയ്ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഹൈദരാബാദ് ഷഹസാബാദിലെ നടിയുടെ ഗസ്റ്റ് ഹൗസ്  മോഹന്‍ ബാബു അനധികൃതമായി കൈവശപ്പെടുത്തിയെന്നും തിരികെ പിടിക്കണമെന്നും പരാതിയില്‍ പറയുന്നു. ഷംഷാബാദിലെ ജൽപള്ളി ഗ്രാമത്തിൽ സ്വന്തം പേരിലുള്ള ആറേക്കർ ഭൂമി മോഹൻ ബാബുവിന് വിൽക്കാൻ സൗന്ദര്യയും സഹോദരൻ അമർനാഥും തയാറായിരുന്നില്ല. ഇത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. വിമാനാപകടത്തിന് ശേഷം മോഹൻ ബാബു ഭൂമി വിൽക്കാൻ സഹോദരങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും സ്ഥലം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും ചിറ്റിമല്ലു ആരോപിച്ചു. വിമാനാപകടത്തിന്‍റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

മോഹൻ ബാബുവിന്‍റെ ചില കുടുംബപ്രശ്നങ്ങളും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. മോഹന്‍ബാബുവിന്‍റെ ഇളയമകൻ മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജൽപള്ളിയിലെ ആറ് ഏക്കർ വിസ്തൃതിയുള്ള ഗസ്റ്റ് ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, മോഹൻ ബാബു ജീവഹാനി വരുത്തുമോ എന്ന് ഭയമുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും പരാതിക്കാരൻ ചിറ്റിമല്ലു ആവശ്യപ്പെട്ടു. സംഭവത്തിൽ മോഹൻ ബാബുവിന്‍റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.

soundarya-death-police-complaint

അതേസമയം, സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു ആരോപണങ്ങൾ നിഷേധിച്ചു. തന്‍റെ അറിവിൽ സൗന്ദര്യ മോഹന്‍ബാബുവുമായി ഭൂമി ഇടപാടുകൾ നടത്തിയിട്ടില്ല. സൗന്ദര്യയുടെ കൈയിൽനിന്ന് മോഹൻബാബു അനധികൃതമായി വസ്തു കൈവശപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 25 വർഷത്തിലധികമായി മോഹൻ ബാബു സാറിനെ എനിക്ക് അറിയാം. ശക്തമായ സൗഹൃദവും ഉണ്ട്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും പരസ്പര ബഹുമാനവും വിശ്വാസ്യതയുമുണ്ട്. അദ്ദേഹത്തെ ഇക്കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നു. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും രഘു അറിയിച്ചു.

2004 ഏപ്രില്‍ 17ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപോകുന്നതിനിടെയായിരുന്നു ആ ദുരന്തം. ഏഴു പേർക്കു സഞ്ചരിക്കാവുന്ന സെസ്‌ന180 വിമാനം ബാംഗ്ലൂർ ജക്കൂർ എയർഫീൽഡിൽനിന്നു പറന്നുയർന്ന ഉടൻ തൊട്ടടുത്ത ഗാന്ധി കൃഷിവിജ്‌ഞാനകേന്ദ്രത്തിന്റെ വളപ്പിൽ തകർന്നു വീണു. 100 അടി ഉയർന്നപ്പോൾത്തന്നെ അപകടസാധ്യത മനസ്സിലാക്കിയ പൈലറ്റ് വിമാനം താഴെ ഇറക്കിയെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. സൗന്ദര്യയടക്കം ആ വിമാനത്തിലുണ്ടായിരുന്ന നാലു പേരും വെന്തെരിഞ്ഞു. നടിയുടെ സഹോദരന്‍  അമര്‍നാഥ് ഷെട്ടി,  വിമാനം പറത്തിയ  മാവേലിക്കര സ്വദേശി  ജോയ് ഫിലിപ്പ് , ഒപ്പമുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന്‍ എന്നിവരാണ്  അപകടത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍.

soundarya-death-police-complaint-N1

അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കോപൈലറ്റിന് ഇരിക്കാനുള്ള സ്‌ഥാനത്താണു സൗന്ദര്യയെ ഇരുത്തിയത്. യാത്രക്കാരെ കയറ്റാൻ അനുമതിയില്ലാത്തതായിരുന്നു ഈ ചെറു വിമാനം. ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നില്ല. 1955ൽ യുഎസിൽ നിർമിക്കപ്പെട്ട ഈ വിമാനത്തിനു 49 വർഷത്തെ പഴക്കമുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു വിമാനം പറത്തിയ പൈലറ്റ് ജോയി ഫിലിപ്പിന്റെ പിതാവ് ഉമ്മന്‍ജോയി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോപൈലറ്റിനെ ഒഴിവാക്കിയാണു സൗന്ദര്യയെ കോക്‌പിറ്റിൽ ഇരുത്തിയത്. ഉടമയുടെ സ്വാധീനം മൂലമാണ് ഇൻഷുറൻസ് ഇല്ലാതിരുന്നിട്ടും ഹെലികോപ്ടര്‍ പറത്തേണ്ടി വന്നെതെന്നും ഉമ്മൻ ജോയി ആരോപിച്ചു. സംഭവശേഷം അന്നത്തെ ഗ്രൗണ്ട് എൻജിനീയർ മറ്റൊരു അപകടത്തിൽ ദുരൂഹത സാഹചര്യത്തില്‍ മരിച്ചു.

ഇങ്ങനെ അടിമുടി ദുരൂഹതകള്‍ നിറഞ്ഞായിരുന്നു തകർന്നു കത്തിയ ആ  വിമാനം‌ . നിരവധി ചോദ്യങ്ങള്‍ നെഞ്ചിലെ നെരിപ്പോടായി എരിയുന്നു. അടുത്ത കാലത്തൊന്നും ദുരൂഹതകളുടെ ആ പുകച്ചുരുളുകള്‍ അടങ്ങില്ലെന്നുറപ്പ്

ENGLISH SUMMARY:

Complaint against Mohan Babu over actress Soundarya's death