ഹോളി ആഘോഷങ്ങളിലേക്ക് കടന്ന് ഉത്തരേന്ത്യ. മഥുരയിലെയും വൃന്ദാവനിലെയും ആഘോഷങ്ങള്‍ ഇതിനകം തുടങ്ങി. ആളുകൂടുന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വടക്കേ ഇന്ത്യയിലെ പ്രധാന മാർക്കറ്റുകളിലേക്ക് ഒഴുകുകയാണ് ആളുകൾ. നിറങ്ങളുടെയും വെള്ളം ചീറ്റിക്കുന്ന ഉപകരണങ്ങളുടെയും വിൽപ്പന തകൃതിയായി നടക്കുന്നു. ഛോട്ടി ഹോളി ദിനമായ ഇന്ന് ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങുകൾ ഉണ്ട്. ശ്രീകൃഷ്ണന്റെ ജന്മസ്ഥമായ മഥുരയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. പതിനായിരങ്ങൾ പങ്കെടുക്കുന്ന മഥുരയിലെയും വൃന്ദാവനിലെയും ഹോളി ആഘോഷം ലോകപ്രശസ്തമാണ്.
പ്രായഭേദമന്യേ നിറങ്ങള്‍ വാരിപ്പൊത്തിയും ഭാംഗ് കുടിച്ചും വടക്കേ ഇന്ത്യക്കാര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ഡൽഹി മെട്രോ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കേ സർവീസ് ആരംഭിക്കുകയുള്ളൂ.