മണിപ്പൂരില്‍ പൂര്‍ണമായി സ്വതന്ത്ര സഞ്ചാരം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം തള്ളി കുക്കി സംഘടനകള്‍. ഇന്നലെ ഒരാള്‍ കൊല്ലപ്പെട്ട കാങ്പോക്പിയില്‍ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും തുടരുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഗവർണർ അജയ് കുമാർ ഭല്ലയും സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി, കൂടുതൽ സേനയെ വിന്യസിച്ചു
കുക്കി മേഖലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചും സംസ്ഥാനാന്തര പാതകളിലടക്കം ഗതാഗതം തടസ്സപ്പെടുത്തിയുമാണ് ഇന്നലത്തെ സംഘര്‍ഷത്തോട് കുക്കികള്‍ പ്രതികരിക്കുന്നത്. മെയ്തെയ് പ്രദേശമായ ഇംഫാല്‍ താഴ്‍വരയിലൊഴികെ ജനങ്ങളുടെ സാധാരണ ജീവിതത്തെ, കുക്കികളുടെ പ്രഖ്യാപനം ബാധിച്ചു. നാഗാലാന്‍ഡിലെ ദിമാപൂരിലേക്ക് പോകുന്ന ദേശീയപാത രണ്ടിലെ ഗതാഗത തടസ്സം നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇന്നലെ ഇംഫാലിൽനിന്ന് സർവീസ് നടത്തിയ ബസ് കാങ്പോക്പിയിൽ കുക്കികൾ തടഞ്ഞതോടെയാണ്, വൻ സംഘർഷമുണ്ടായത്. 19കാരൻ കൊല്ലപ്പെടുകയും 27 സേനാംഗങ്ങളടക്കം നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ സേനയ്ക്കുനേരെ പ്രതിഷേധക്കാര്‍ വെടിയുതിർത്തതിനെത്തുടര്‍ന്നാണ് പ്രതിരോധിച്ചതെന്നാണ് പൊലീസ് വിശദീകരണം. ഒരുവിഭാഗത്തിനുനേരെ ബലപ്രയോഗം നടത്തുന്നത് അംഗീകരിക്കില്ലെന്ന് വിവിധ കുക്കി സംഘടനകള്‍ അറിയിച്ചു. ബഫര്‍ സോണിലൂടെ മെയ്തെയ്കളെ കടത്തിവിടില്ലെന്നും കുക്കി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.