പാഷന്‍ കൊണ്ട് ബില്ലടയ്ക്കാനാവില്ലെന്നു പറഞ്ഞ ജീവനക്കാരന് എഡ്യുടെക് കമ്പനിയായ ബൈജൂസിന്‍റെ സിഇഒ ബൈജു രവീന്ദ്രന്‍റെ മറുപടി. ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ശമ്പളമെല്ലാം നല്‍കുമെന്നായിരുന്നു ലിങ്ക്ഡ് ഇന്‍ വഴി ബൈജുവിന്‍റെ പ്രതികരണം . കേസുകളും സാമ്പത്തിക പ്രതിസന്ധിയും മൂലം താന്‍ ദുബായിലേക്ക് കടന്നെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ബൈജുവിന്‍റ ഈ ഉറപ്പ്.
ലിങ്ക്ഡ് ഇനില്‍ ബൈജു ഷെയര്‍ ചെയ്ത പോസ്റ്റിനു മറുപടിയായാണ് ജീവനക്കാരെത്തിയത്. പാഷന്‍ കൊണ്ടുനടന്നാല്‍ ബില്ലടയ്ക്കല്‍ നടക്കില്ലെന്നായിരുന്നു ജീവനക്കാരന്റെ കമന്റ്. മൂന്നുമാസത്തെ ശമ്പളകുടിശ്ശിക തന്നുതീര്‍ക്കുമെന്നും ഓഫീസില്‍ വന്ന് ജീവനക്കാരെ നേരിട്ട് കാണാനാവാത്തതില്‍ വേദനയുണ്ടെന്നും ബൈജു പറയുന്നു. തനിക്കും കുടുംബത്തിനുമെതിരെ വന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടായിരുന്നു ബൈജു രംഗത്തെത്തിയത്.
തന്‍റെ കുടുംബം ഓഹരികള്‍ വിറ്റ് സമ്പാദിച്ചിട്ടില്ലെന്നും ബൈജൂസിന്‍റെ വായ്പാദാതാക്കളുടെ ഗൂഢാലോചനയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ബൈജു പറയുന്നു. താന്‍ നിരപരാധിയാണെന്നും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും പോസ്റ്റിലൂടെ ബൈജു വ്യക്തമാക്കുന്നു.