മലയാളികളുടെ ഇഷ്ട വിനോദസഞ്ചാരകേന്ദ്രങ്ങളായ കുളുവും മണാലിയും മഞ്ഞുപുതച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ്. ശൈത്യമാസ്വദിക്കാന്‍ കേരളത്തില്‍നിന്ന് ഉത്തരാഖണ്ഡിലേക്കും കശ്മീരിലേക്കും വണ്ടികയറുന്നവരുമേറെ. പുറപ്പെടുംമുമ്പ് ഒരു നിമിഷം. കഴിഞ്ഞദിവസം മണാലി സന്ദര്‍ശിച്ച തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ചിലത് പറയാനുണ്ട്.
കേരളത്തില്‍നിന്നുള്ള വിനോദയാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ്, മണാലിയിലെ കാലാവസ്ഥ പ്രശ്നമമാണ്. ഒരു ദിവസം മുഴുവന്‍ 124 അംഗ സംഘം ഭക്ഷണംപോലുമില്ലാതെ കുടുങ്ങിപോയി. മണ്ണിടിച്ചിലിന്‍റെ തടസങ്ങള്‍ മാറ്റി അടുത്തദിവസം വൈകീട്ടാണ് സംഘത്തിന് മടങ്ങാനായത്. മുന്‍വര്‍ഷങ്ങളിലും മലയാളി സംഘങ്ങള്‍ ഉത്തരേന്ത്യയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നിട്ടുണ്ട്. മണ്ണിടിച്ചില്‍പോലെ പ്രവചനാതീതമായ അപകടങ്ങള്‍, പുറമേ കനത്ത മഞ്ഞുവീഴ്ചയും മഴയും വില്ലനാകും.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഹിമാചലില്‍ നാല് ദേശിയ പാതകളടക്കം 484 റോഡുകള്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയില്‍ പ്രത്യേക ജാഗ്രതവേണം. സമീപ സംസ്ഥാനങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്.