മഹാകുംഭമേള സമാപിച്ചതിന് പിന്നാലെ പ്രയാഗ്‌രാജിലെ തൊഴിലാളികളെ നേരിട്ടെത്തി അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബോണസ് ഉള്‍പ്പെടെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് മടങ്ങിയത്.
ആളൊഴിഞ്ഞ കല്യാണവീടുപോലെ ആയിരുന്നു ഇന്നലെ പ്രയാഗ്‌രാജ്. 45 ദിവസം നീണ്ട ആഘോഷങ്ങള്‍ക്കൊടുവില്‍ അതിഥികളൊക്കെ മടങ്ങി. ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രം ബാക്കി. അവര്‍ക്കിടയിലേക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും എത്തിയത്. ആദ്യം കണ്ടത് ശുചീകരണത്തൊഴിലാളികളെ. അവര്‍ക്കൊപ്പം ചൂലെടുത്ത് യോഗിയും മന്ത്രിമാരും വൃത്തിയാക്കാനിറങ്ങി. പിന്നെ ഒപ്പമിരുന്ന് ഭക്ഷണം. പതിനായിരം രൂപ ബോണസ് നല്‍കുമെന്നും കുറഞ്ഞവേതനം 16,000 രൂപ ആക്കി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചതോടെ തൊഴിലാളികള്‍ ഹാപ്പി
24 മണിക്കൂറും ത്രിവേണിയില്‍ സുരക്ഷ ഒരുക്കിയ ബോട്ട് ഡ്രൈവര്‍മാരെയും മുഖ്യമന്ത്രി കണ്ടു. എല്ലാ ഡ്രൈവര്‍മാര്‍ക്കും അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, സ്വന്തമായി ബോട്ട് വാങ്ങാന്‍ പണം തുടങ്ങി പ്രഖ്യാപനങ്ങള്‍ അവിടെയും. സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് യോഗി മടങ്ങിയത്. കുംഭമേളയില്‍ പങ്കാളികളായവരെയും നടത്തിപ്പിന്‍റെ ഭാഗമായവരെയും അഭിനന്ദിച്ചെങ്കിലും തിക്കിലും തിരക്കിലും ആളുകള്‍ മരിച്ചതിനെ കുറിച്ചുമാത്രം മിണ്ടിയില്ല.