പുണെയില്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍വച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പുണെ ഷിരൂരില്‍ നിന്നാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയായ ദത്താത്രേയ രാംദാസ് ഗാഡെ പിടിയിലായത്. പുണെയിലും അഹല്യാനഗർ ജില്ലയിലുമായി മോഷണം, കവർച്ച, മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണു ദത്താത്രേയ ഗഡെ. ഇതിലെ ഒരു കേസിൽ 2019 മുതൽ ജാമ്യത്തിലാണ്. പ്രതിയെ പിടിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പൊലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു.
പൊലീസ് സ്റ്റേഷനു 100 മീറ്റർ അകലെ യുവതി പീഡിപ്പിക്കപ്പെട്ടതു പൊലീസിന് നാണക്കേടായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറാണെന്ന് പറഞ്ഞാണു പ്രതിയെത്തിയത്. സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്നും താൻ അവിടെയെത്തിക്കാമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. വിജനമായ ഭാഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിനു മൊഴി നൽകിയിരുന്നു.