ഇന്ത്യയും ഖത്തറും തമ്മില്‍ തന്ത്രപരമായ സഹകരണത്തിന് കരാര്‍ ഒപ്പുവച്ചു. വ്യാപാരം ഇരട്ടിയാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനങ്ങള്‍
വിവിധ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് തന്ത്രപരമായ സഹകരണത്തിന് കരാര്‍ ഒപ്പുവച്ചത്. ഇന്ത്യ– ഖത്തര്‍ വ്യാപാരം നിലവിലെ 14 ബില്ല്യന്‍ ഡോളറില്‍നിന്ന് അഞ്ചുവര്‍ഷംകൊണ്ട് 28 ബില്ല്യന്‍ ഡോളറാക്കും. തുറമുഖങ്ങള്‍, കപ്പല്‍നിര്‍മാണം, സ്മാര്‍ട് സിറ്റി, എ.ഐ., മെഷീന്‍ ലേണിങ് തുടങ്ങി വിവിധ മേഖലകളില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാര്‍ പുതുക്കി. ഇതടക്കം രണ്ട് കരാറുകളും മൂന്ന് ധാരണാപത്രങ്ങളും പ്രധാനമന്ത്രിയുടെയും ഖത്തര്‍ അമീറിന്‍റെയും സാന്നിധ്യത്തില്‍ ഒപ്പുവച്ചു.
ഖത്തറിന് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സേവനങ്ങള്‍ അമീര്‍ എടുത്തുപറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന് ഖത്തര്‍ നല്‍കുന്ന സഹായങ്ങളില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാവിലെ ഖത്തര്‍ അമീറിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. ഹൈദരാബാദ് ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വ്യവസായികളുടെ സംഘവും ഖത്തര്‍ അമീറിനൊപ്പം ഉണ്ടായിരുന്നു