ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുമുണ്ടായ മരണത്തില്‍ പ്രതിഷേധവുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. മഹാകുംഭമേളയെ 'അർഥശൂന്യം' എന്നാണ് ലാലുപ്രസാദ് പരാമര്‍ശിച്ചത്. 2025-ലെ മഹാകുംഭമേളയ്‌ക്കുള്ള ക്രൗഡ് മാനേജ്‌മെൻ്റ് സംബന്ധിച്ച തൻ്റെ നിർദ്ദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അർഥശൂന്യമെന്ന മറുപടി നല്‍കിയത്.
സംഭവത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയാണ് ലാലു. കൂടാതെ റെയില്‍വെ മന്ത്രിയുടെ രാജിയും അദ്ദേഹം ആവശ്യപ്പെട്ടു. തിക്കിലും തിരക്കിലും ആളുകള്‍ മരിക്കുന്നത് വിഷമകരമായ കാര്യമാണ്. ഇത് പൂര്‍ണമായും റെയില്‍വെയുടെ പരാജയമാണെന്നും വിമര്‍ശിച്ചു.
ലാലു പ്രസാദിന്റെ പരാമർശങ്ങളോട് പ്രതികരിച്ച ബിഹാർ ബി.ജെ.പി വക്താവ് മനോജ് ശർമ്മ, ഹിന്ദു മതത്തോടുള്ള ആർ.ജെ.ഡിയുടെ മനോഭാവമാണ് അവർ തുറന്നുകാട്ടിയെന്ന് പറഞ്ഞു. പ്രീണന രാഷ്ട്രീയം കൊണ്ടാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ആർജെഡി നേതാക്കൾ എപ്പോഴും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ട്. മഹാ കുംഭമേള അർത്ഥശൂന്യമാണെന്ന ലാലു പ്രസാദിൻ്റെ പ്രസ്താവന ഹിന്ദു മതത്തോടുള്ള ആർജെഡിയുടെ മനോഭാവം തുറന്നുകാട്ടുന്നുണ്ടെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 25 മരണമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 18 മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവർക്കും റെയിൽവെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.