New Delhi: Heavy rush of passengers to catch a train for Mahakumbh, at the New Delhi railway station, Saturday, Feb. 15, 2025. A stampede-like situation occurred at the station, injuring many. (PTI Delhi/ Arun Sharma)(PTI02_16_2025_000009A)
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 25 മരണമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ട്. 18 മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. കുംഭമേള തീര്‍ഥാടകരാണ് മരിച്ചവരില്‍ ഏറെയും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവർക്കും റെയിൽവെ ധനസഹായം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അലംഭാവവും വീഴ്ചയുമാണ് ദുരന്തത്തിന് കാരണമെന്നും റെയില്‍ മന്ത്രി രാജിവക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പതിനാലാം പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ ഇന്നലെ രാത്രി 10 മണിയോടെ യാത്രക്കാരുടെ വന്‍ തിരക്കായിരുന്നു. അതിനിടെ 16ആം പ്ലാറ്റ്ഫോമിലേക്ക് പ്രയാഗ്രാജ് സ്പെഷ്യല്‍ ട്രെയിന്‍ എത്തുമെന്ന അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ അങ്ങോട്ട് നീങ്ങാന്‍ ആരംഭിച്ചു. തിക്കും തിരക്കുമായി. പടിക്കെട്ടുകളില്‍ നിന്ന് ആളുകള്‍ വീണു.
തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. എന്നാല്‍ അപകടം നടന്ന് മണിക്കൂറുകള്‍ക്കകം ഒന്നും മനസിലാകാത്തവിധം സ്റ്റേഷന്‍ വ്യത്തിയാക്കാന്‍ റെയില്‍വെ അധികൃതര്‍ ജാഗ്രത കാട്ടി.
LNJPയില്‍ 15ഇം ലേഡി ഹാർഡിങ്ങില്‍ മൂന്നും ആര്‍എംഎല്ലില്‍ 5ഉം പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടന്നു. മൗലാനാ ആസാദ് ആശുപത്രി മോര്‍ച്ചറിയിലും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ 50 പേരിൽ എട്ടുപേരുടെ നില ഗുരുതരമാണ്. ദുരന്തത്ില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭരണപക്ഷ നേതാക്കളും അനുശോചിച്ചു. റെയില്‍വെയുടെ കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ നിഷ്ക്രിയത്വവുമാണ് അപകടകാരണമെന്ന് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും കുറ്റപ്പെടുത്തി.