ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന് പിന്നാലെ വന്‍ വിമര്‍ശനം ഏറ്റുവാങ്ങി റയില്‍മന്ത്രാലയം. തിക്കി തിരക്കിയത് മാത്രമാണ് അപകടകാരണമെന്ന് ജനങ്ങളെ പഴിചാരി റയിൽവേയുടെ കൈകഴുകൽ. റയിൽമന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. റയിൽവേയുടെ ഉന്നതതലയോഗവും ചേർന്നു. മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. തിക്കിലും തിരക്കിലും ഉൾപ്പെട്ട് ജനം മരിച്ചുവീണപ്പോൾ റയിൽവേ ആവർത്തിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്. പതിനാല്- പതിനഞ്ച് പ്ലാറ്റ്ഫോമുകളിൽനിന്ന് യാത്രക്കാർ, കാല് തെന്നി പടികളിലേക്ക് വീണു, ഇതാണ് അപകടകാരണമെന്ന് റയിൽവേ. അപകടത്തിൽ റയിൽവേയും ഡൽഹി പൊലീസും അന്വേഷണം തുടങ്ങി.
റയിൽമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തുവന്നു. റയില്‍വേയുടെ പരാജയം ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മരണം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സത്യം മൂടിവയ്ക്കരുതെന്ന് അഖിലേഷ് യാദവ്. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ ഒന്നുമേ സംഭവിക്കാത്തെ പോലെ ബിജെപി ഐടി സെൽ മേധാവി അമിത് മാൾവ്യ നടത്തിയ പ്രതികരണം വലിയ വിമർശനം ഏറ്റുവാങ്ങുന്നു.