കാമുകന്‍റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. 30കാരിയായ പൂജയെയും കാമുകന്‍ ഇമ്രാന്‍ മുഹമ്മദ് റിസ്‌വാനെയും മാല്‍വാനി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു മൃതദേഹം കണ്ടെത്തിയെന്നറിയിച്ച് സമീപവാസികളുടെ ഫോണ്‍കോള്‍ വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുമണിക്കൂറിനുള്ളില്‍ കൊലപാതകികളെ പിടികൂടിയത്.
സോണല്‍ ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ വ്യത്യസ്ത ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഒരു യുവതിയും യുവാവും ചേര്‍ന്ന് ഒരു മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുവന്ന് തള്ളുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഗാംദേവി ക്ഷേത്രഭാഗത്തുനിന്നും വന്നവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 30കാരനായ രാജേഷ് ചൗഹാന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. പൊലീസ് രാജേഷിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയെല്ലാം രക്തക്കറകളും കണ്ടെത്തിയിരുന്നു. ഭാര്യ പൂജയെ ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
ഭര്‍ത്താവിന്റെ മദ്യപാനത്തെത്തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ സഹികെട്ടാണ് കൊല നടത്തിയതെന്ന് പൂജ മൊഴി നല്‍കി. മദ്യപിച്ചുവന്ന് മര്‍ദിക്കുന്നത് പതിവായിരുന്നെന്നും ഭാര്യ പറയുന്നു. കുഞ്ഞുങ്ങള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും പൂജ പറയുന്നു. കൊല നടത്തിയ ശേഷമാണ് കാമുകന്‍ റിസ്‌വാനെ വിളിച്ചുണര്‍ത്തി മൃതദേഹം 500 മീറ്റര്‍ അകലേക്ക് മാറി ഉപേക്ഷിച്ചതെന്നും മൊഴിയിലുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി റിസ്‌വാന്‍ ഇവര്‍ക്കൊപ്പമാണ് താമസം. പൂജയുടെ നാട്ടുകാരനായ റിസ്‌വാന്‍ തനിക്ക് സഹോദരനെപ്പോലെയാണെന്നായിരുന്നു രാജേഷിനോട് പറഞ്ഞിരുന്നത്. അതേസമയം കാമുകനൊപ്പം ജീവിക്കാനായാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന സംശയമാണ് പൊലീസിനുള്ളത്