പ്രതീകാത്മക ചിത്രം
എംബിബിഎസ് വിദ്യാര്‍ഥിയെ ഹോസ്റ്റലിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇരുപത്തിമൂന്നുകാരനായ രവൂരി സായ് റാം എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ രങ്കരായ മെഡിക്കല്‍ കോളജിലാണ് സംഭവം. നരസപുരം സ്വദേശിയാണ് മരിച്ച രവൂരി സായ് റാം. എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
ഹോസ്റ്റല്‍ മുറിയില്‍ സായ്ക്കൊപ്പം താമസിച്ചിരുന്ന സഹപാഠി മറ്റൊരു മുറിയില്‍ പഠിക്കാനായി പോയിരുന്നു. വിദ്യാര്‍ഥി തിരിച്ചെത്തിയപ്പോഴാണ് സായിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ഈ മാസം 21 മുതല്‍ എംബിബിഎസിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കുകയാണ്. പരീക്ഷാ സമ്മര്‍ദ്ദമാണ് സായിയുടെ ജീവനെടുത്തതെന്ന സംശയം സഹപാഠികള്‍ക്കിടയില്‍ ശക്തമാണ്.
മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം മകന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. ആന്ധ്രപ്രദേശില്‍ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. അനന്ദപുര്‍ ജില്ലയിലെ നാരായണ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ദിവസങ്ങള്‍ക്കു മുന്‍പ് ജീവനൊടുക്കിയിരുന്നു. കോളജിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്.