യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു. ഹരിയാനയിലെ ചർഖി ദാദ്രിയിൽ നിന്നുള്ള വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് വോർസെസ്റ്ററിലെ നഗരമധ്യത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിജയ്‌യുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
നവംബർ 15 ന് വോർസെസ്റ്ററിലെ ബാർബോൺ റോഡിലാണ് ഗുരുതരമായ പരിക്കുകളോടെ വിജയ് കുമാറിനെ കണ്ടെത്തുന്നത്. ചികില്‍സിയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുത്തേല്‍ക്കുന്നതിന് മുന്‍പായി പ്രതി/പ്രതികളുമായി തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പൊലീസ് അനുമാനിക്കുന്നുണ്ട്. എന്നിരുന്നാലും കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പേരെ അന്വേഷണം പൂർത്തിയാക്കുന്നതുവരെ ജാമ്യത്തിൽ വിട്ടയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിജയ് യുകെയില്‍ എത്തുന്നത്. ബ്രിസ്റ്റലിലെ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിവരികയായിരുന്നു. സംഭവത്തില്‍ വിജയ്‌യുടെ കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ചർഖി ദാദ്രി എംഎൽഎ സുനിൽ സത്പാൽ സാങ്‌വാൻ അടിയന്തര സർക്കാർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. നീതി നടപ്പാക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം എക്സില്‍ കുറിച്ചു.