Biren-Singh

മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ബിജെപി എംഎല്‍എമാരും എംപിമാരും രാജ്ഭവനിലെത്തി. രാജി വയ്ക്കും മുന്‍പ് ബീരേന്‍ സിങ് അമിത് ഷായുമായും ചര്‍ച്ച നടത്തി. മണിപ്പൂര്‍ ബിജെപിയില്‍ ബീരേന്‍ സിങ്ങിനെതിരായ വികാരം ശക്തമായിരുന്നു . നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് രാജി . അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ബീരേന്‍ സിങ്ങിന്റെ രാജി . അതേസമയം, ബിരേന്‍ സിങ്ങിനോട്  കാവല്‍ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയാകാനാണ് നിര്‍ദേശം 

ചാർട്ടേഡ് വിമാനത്തിലാണ് എൻ ബിരേൻ സിംഗും സംഘവും ഡൽഹിയിലെത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ എത്തി  സ്വീകരിക്കേണ്ട നിലപാടും തുടർ നീക്കങ്ങളും  ചർച്ച ചെയ്തു. ഇന്നലെ ബിരേൻ സിങ് വിളിച്ച ഭരണ പക്ഷ എംഎൽഎമാരുടെ യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തിരുന്നില്ല എന്നത് പാർട്ടിയുടെ ആശങ്ക വർധിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന്  ഡൽഹിയിലേക്ക് വരുന്നതിനു മുൻപ് ബിരേൻ സിങ് പ്രതികരിച്ചു.  

 

രണ്ടുവർഷത്തോളമായിട്ടും സമാധാനം പുനസ്ഥാപിക്കാൻ കഴിയാത്ത ബിരേൻ സിംഗിനെ മുഖ്യമന്ത്രിപദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ  പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു.  ഇതിനിടെ തൗബാലിൽ  ഐആർബി ഔട്ട്‌പോസ്റ്റിൽ നിന്ന് തോക്കുധാരികൾ ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചു. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിരോധിത യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഗ്രൂപ്പിലെ രണ്ട് പേരെ നാരൻകോൺജിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

ENGLISH SUMMARY:

Biren Singh Quits As Chief Minister 2 Years After Manipur Violence Began