രത്തന്‍ ടാറ്റയുടെ വില്‍പത്ര പ്രകാരം തന്‍റെ സ്വത്തിന്‍റെ ഒരുഭാഗം മൂന്ന് പേര്‍ക്കാണ് നീക്കിവച്ചിട്ടുള്ളത്. 350 കോടിയുടെ ബാങ്ക് നിക്ഷേപവും ടാറ്റയുടെ പെയിന്‍റിങ്ങുകളും വാച്ചുകളും ലേലം ചെയ്ത് കിട്ടുന്ന തുകയുമാണ് ഈ ആസ്തി. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം അര്‍ധ സഹോദരിമാരായ ഷിരീനും ഡിയാനയ്ക്കും ലഭിക്കും.
മറ്റൊരു ഭാഗം മോഹിനി മോഹന്‍ ദത്ത എന്ന വ്യക്തിക്കായിരിക്കും. വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ടാറ്റ ഗ്രൂപ്പിനൊപ്പം ഇതുവരെ കേട്ടിട്ടില്ലാത്ത മോഹിനി മോഹന്‍ ദത്ത ആരെന്ന ചോദ്യം ഉയര്‍ന്നു. സ്വത്തില്‍ തനിക്ക് 650 കോടിയുടെ വിഹിതത്തിന് അര്‍ഹയുണ്ടെന്ന് ദത്ത അവകാശപ്പെട്ടതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
സ്വത്തിന്‍റെ ആകെ മൂല്യം ഇനിയും നിര്‍ണയിക്കാത്ത സാഹചര്യത്തില്‍ ഈ വാദം ടാറ്റ ഗ്രൂപ്പ് കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കി. 74കാരനായ ദത്തയ്ക്ക് ടാറ്റയുമായി വര്‍ഷങ്ങളോളം അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജംഷഡ്‍പുരിലെ വ്യവസായിയാണ്.
സ്റ്റാലിയന്‍ എന്ന ട്രാവല്‍ ഏജന്‍സിയുടെ ഉടമായിരുന്ന ദത്ത ഈ സ്ഥാപനത്തെ 2013ല്‍ ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്‍റെ ഭാഗമാക്കി. ടാറ്റയുടെ ദത്തുപുത്രനെന്നും സ്വയം വിശേഷിപ്പിച്ചിരുന്നു. മോഹിനി മോഹന്‍ ദത്തയുടെ വാദങ്ങള്‍ പുറത്തുവന്നതോടെ സ്വത്ത് വിഭജനം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. തര്‍ക്കം ചിലപ്പോള്‍ കോടതിയിലേക്കും നീണ്ടേക്കാം.