അധികാര തര്‍ക്കത്തിനൊടുവില്‍ ടാറ്റ ട്രസ്റ്റുകളുമായി വേര്‍പിരിഞ്ഞ് മെഹ്‍ലി മിസ്ത്രി. ടാറ്റാ ട്രസ്റ്റുകളിലെ ട്രസ്റ്റിമാർക്ക് അയച്ച കത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സർ രത്തൻ ടാറ്റാ ട്രസ്റ്റ്, സർ ദോരബ്ജി ടാറ്റാ ട്രസ്റ്റ്, ബായ് ഹിരാബായി ജെ.എൻ. ടാറ്റാ നവസാരി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് എന്നിവയില്‍ നിന്നാണ് മെഹ്‍ലി രാജിവെയ്ക്കുന്നത്.
രത്തന്‍ ടാറ്റയുടെ കാഴ്ചപാടിനോടുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് കത്തില്‍ പറയുന്നു. ടാറ്റ ട്രസ്റ്റുകളെ വിവാദത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം കൂടി തനിക്കുണ്ടെന്ന് അദ്ദേഹം എഴുതി. ഇക്കാര്യത്തില്‍ തിടുക്കം കാട്ടുന്നത് ടാറ്റ ട്രസ്റ്റുകളുടെ സല്‍പേരിന് പരിഹരിക്കാന്‍ സാധിക്കാത്ത ദോഷം വരുത്തുമെന്നും കത്തിലുണ്ട്.
'സ്വന്തം താല്‍പര്യങ്ങളേക്കാള്‍ പൊതുതാല്‍പര്യത്തിന് പ്രധാന്യം നല്‍കിയിരുന്ന രത്തന്‍ ടാറ്റയുടെ ആദര്‍ശം മുന്‍നിര്‍ത്തി, മറ്റു ട്രസ്റ്റിമാരുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സുതാര്യതയും മികച്ച ഭരണവും പൊതുതാല്‍പര്യവും മുന്‍നിര്‍ത്തിയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രത്തൻ ടാറ്റാ എന്നോട് പറയാറുണ്ടായിരുന്ന വാക്കോടു കൂടി ഞാന്‍ പിരിയുകയാണ്, 'ഒരു സ്ഥാപനത്തെ സേവിക്കുന്ന ആരും അതിനേക്കാൾ വലുതല്ല''.
Also Read: ടാറ്റ ഗ്രൂപ്പിലെ അധികാരത്തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; മെഹ്ലി മിസ്ത്രി പുറത്തേക്ക്?
ഒക്ടോബര്‍ 27 ന് മെഹ്‍ലി മിസ്ത്രിയെ ടാറ്റ ട്രസ്റ്റുകളുടെ ആജീവനാന്ത ട്രസ്റ്റിയാക്കി വീണ്ടും നിയമിക്കുന്നതിനെ ബോര്‍ഡ് യോഗം എതിര്‍ത്തിരുന്നു. മിസ്ത്രിയുടെ ട്രസ്റ്റി സ്ഥാനം നീട്ടുന്നതിനെതിരെ നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍, വിജയ് സിങ് എന്നിവര്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് അധികാര തര്‍ക്കം രൂക്ഷമായത്. കഴിഞ്ഞ വർഷം ഒക്ടോബർ 17-ന് ടാറ്റാ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് എടുത്ത തീരുമാനപ്രകാരം മിസ്ത്രിയെ ആജീവനാന്ത ട്രസ്റ്റിയായി വീണ്ടും നിയമിക്കേണ്ടതായിരുന്നു. ട്രസ്റ്റിഷിപ്പ് പുതുക്കുന്നത് ഐകകണ്ഠ്യേനയാകണം എന്ന നിബന്ധനയാണ് മെഹ്‍ലിക്ക് തിരിച്ചടിയായത്.
ട്രസ്റ്റിമാരുടെ പട്ടികയില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്‍പ് തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മിസ്ത്രി മഹാരാഷ്ട്ര ചാരിറ്റ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസ്ത്രിയുടെ കത്ത് പുറത്തുവരുന്നത്.
ടാറ്റ സൺസിൽ 18.5 ശതമാനം ഓഹരിയുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പ്രതിനിധിയാണ് മിസ്ത്രി. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ടാറ്റ ട്രസ്റ്റ്സിന് ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 66% ഓഹരി പങ്കാളിത്തമാണുള്ളത്.