AI Generated Image
കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇന്ത്യന്‍ ഐടി ഭീമന്‍ ടിസിഎസ് (ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്). ഈ വര്‍ഷം ഏകദേശം 12,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം കമ്പനി ഇന്നലെയാണ് പ്രഖ്യാപിച്ചത്. സാധാരണ ജീവനക്കാര്‍ മുതല്‍ മാനേജ്മെന്റ് വിഭാഗത്തിലുള്ളവരെയുള്‍പ്പെടെ പിരിച്ചുവിട്ടേക്കും. സിഇഒ കെ കൃതിവാസന്‍ മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ആഗോള സാമ്പത്തിക പ്രതിസന്ധിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതിക മാറ്റങ്ങളുമാണ് ടിസിഎസ് പ്രഖ്യാപനത്തിനു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഉചിതമായ ആനുകൂല്യങ്ങൾ, പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്ന ഔട്ട്പ്ലേസ്മെന്റ് സേവനം, കൗൺസിലിംഗ്, പിന്തുണ എന്നിവ നൽകുമെന്നും ടിസിഎസ് അറിയിച്ചു. നോട്ടീസ് പിരീയഡ് നഷ്ടപരിഹാരവും, പിരിച്ചുവിടല്‍ ആനുകൂല്യങ്ങളും കമ്പനി ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷാ വിപുലീകരണവും കരിയര്‍ മാറ്റത്തിനുള്ള സഹായവും കമ്പനിയുടെ പ്ലാനിലുണ്ട്.
‘ഭാവി സുരക്ഷിതമാക്കാനുള്ള ഒരു യാത്രയിലാണ് ടിസിഎസ്. ഈ യാത്രയുടെ ഭാഗമായി, അത്യാവശ്യമല്ലാത്ത അസോസിയേറ്റുകളെ ഞങ്ങൾ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ജീവനക്കാരിൽ നിന്നും രണ്ടു ശതമാനം പേരെയാണ് ഒഴിവാക്കുക. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിൽ യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിൽ, അതീവ ശ്രദ്ധയോടെയാണ് ഈ മാറ്റം ആസൂത്രണം ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു.
കൂടാതെ, ഏകദേശം 600 പരിചയസമ്പന്നരായ ലാറ്ററൽ എൻട്രി ജീവനക്കാരുടെ ഓൺബോർഡിങ്ങും ടിസിഎസ് അടുത്തിടെ വൈകിപ്പിച്ചിരുന്നു. ആഗോള സാങ്കേതിക മേഖലയിലെ പിരിച്ചുവിടലുകൾ നിരീക്ഷിക്കുന്ന ayoffs.fyi-യുടെ കണക്കുകൾ പ്രകാരം ഈ വര്‍ഷം ഇതുവരെ 169 കമ്പനികളിലായി 80,000-ത്തിലധികം സാങ്കേതിക വിദഗ്ധർക്ക് ജോലി നഷ്ടപ്പെട്ടു. മൈക്രോസോഫ്റ്റ്, 2025-ൽ 15,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് അവരുടെ ആഗോള ജീവനക്കാരുടെ 7% വരും. 2024-ൽ 551 സാങ്കേതിക സ്ഥാപനങ്ങളിലായി ഏകദേശം 150,000 തൊഴിൽ നഷ്ടങ്ങൾ രേഖപ്പെടുത്തി. ഇത് ആഗോള സാമ്പത്തിക വെല്ലുവിളികളെയും, തൊഴിലവസരങ്ങൾ, തൊഴിൽ ഘടന, പ്രൊഫഷണൽ കഴിവുകൾ എന്നിവയിൽ എഐയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകളേയും സജീവമാക്കുകയാണ്.