25 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം കണക്കാക്കിയിട്ടുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേറ്റ് ഭീമനായ ടാറ്റ ഗ്രൂപ്പിനെ ബാധിക്കുന്ന രീതിയില്‍ ടാറ്റ ട്രസ്റ്റില്‍ പ്രതിസന്ധി. ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷാപൂര്‍ജി പല്ലോന്‍ജി കുടുംബവുമായി ബന്ധമുള്ള, രത്തന്‍ ടാറ്റയുടെ ഏറ്റവും അടുത്ത വിശ്വസ്തരിലൊരാളായ മെഹ്‌ലി മിസ്ത്രി ടാറ്റ ട്രസ്റ്റ് ബോര്‍ഡില്‍ നിന്ന് പുറത്താകും. മിസ്ത്രിയുടെ ട്രസ്റ്റി സ്ഥാനം നീട്ടുന്നതിനെതിരെ നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍, വിജയ് സിങ് എന്നിവര്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് ലാഭേച്ഛയില്ലാത്തതും ജീവകാരുണ്യവുമായ ഗ്രൂപ്പായ ടാറ്റ ട്രസ്റ്റിലെ അധികാര തർക്കം പൊട്ടിത്തെറിയിലേക്കെത്തിയത്.
കഴിഞ്ഞ വർഷം പാസാക്കിയ പ്രമേയപ്രകാരം നിലവിലുള്ള ട്രസ്റ്റികൾക്ക് ആജീവനാന്ത കാലാവധി അനുവദിച്ചിരുന്നെങ്കിലും ട്രസ്റ്റിഷിപ്പ് പുതുക്കുന്നത് ഐകകണ്ഠ്യേനയാകണം. മിസ്ത്രിയെ ആജീവനാന്ത ട്രസ്റ്റി ആക്കണമെങ്കില്‍ മറ്റ് ബോര്‍ഡംഗങ്ങളുടെ കൂടി വോട്ട് ആവശ്യമാണെന്ന് ടാറ്റാ ഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. നോയല്‍ ടാറ്റയും വിജയ് സിംഗും വേണു ശ്രീനിവാസനും എതിരായതോടെ സ്വഭാവികമായും മെഹ്‌ലിക്ക് പുറത്തേക്ക് പോകേണ്ടിവരും. 2022ലാണ് മെഹ്‌ലി ട്രസ്റ്റിന്‍റെ ഭാഗമാകുന്നത്. അതേസമയം ടാറ്റ സൺസ് ചെയർമാനായുള്ള എൻ ചന്ദ്രശേഖരന്‍റെ കാലാവധി ബോർഡ് പുതുക്കി. 2032 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരും. കഴിഞ്ഞ വർഷം ഒക്ടോബറിൽ രത്തൻ ടാറ്റയുടെ മരണശേഷം ചെയർമാനാക്കിയ നോയൽ ടാറ്റയെ ദുർബലപ്പെടുത്താൻ മിസ്ത്രിയും അദ്ദേഹത്തിന്‍റെ ക്യാംപും ശ്രമിച്ചിരുന്നു.
ടാറ്റ സണ്‍സില്‍ സര്‍ ദോറബ്ജി ടാറ്റ ട്രസ്റ്റിനും (SDTT) സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിനും (SRTT) ചേര്‍ന്ന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് ട്രസ്റ്റുകളെയെല്ലാം കൂട്ടുമ്പോള്‍ ഇത് 66 ശതമാനം വരെ ഉയരും. അതിനാല്‍ തന്നെ ടാറ്റ ട്രസ്റ്റിലെ ഏതൊരു സംഭവവികാസവും ടാറ്റ സണ്‍സിന്‍റെ പ്രവര്‍ത്തനങ്ങളെയും നയരൂപീകരണത്തെയും സ്വാധീനിക്കും. നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍, വിജയ് സിംഗ് മെഹ്‌ലി മിസ്ത്രി, പ്രമിത് ജാവേരി, ധാരിയുസ് ഖംബട്ട എന്നിവരാണ് സര്‍ ദോറബ്ജി ടാറ്റ ട്രസ്റ്റ് അംഗങ്ങള്‍. ട്രസ്റ്റിനുള്ളിലെ തുടരുന്ന പ്രശ്നങ്ങള്‍ ടാറ്റാ ഗ്രൂപ്പിന്‍റെ സ്ഥിരതയെ ബാധിക്കുമെന്നാണ് ബസിനസ് രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ടാറ്റ ട്രസ്റ്റിലെ ഭിന്നതയില്‍ കേന്ദ്രസര്‍ക്കാരും ആശങ്ക പ്രകടിപ്പിച്ചു. നോയൽ ടാറ്റയും ചന്ദ്രശേഖരനും ഉൾപ്പെടെയുള്ള ടാറ്റയുടെ ഉന്നത എക്‌സിക്യൂട്ടീവുകൾ ഈ മാസം ആദ്യം ആഭ്യന്തരമന്ത്രി അമിത് ഷായുമായും ധനമന്ത്രി നിർമ്മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രസ്റ്റിന്‍റെയും ഗ്രൂപ്പിന്‍റെയും സ്ഥാപനപരമായ സ്ഥിരത നിലനിർത്താനും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളില്‍ത്തന്നെ പരിഹരിക്കാനും കേന്ദ്രമന്ത്രിമാര്‍ നിര്‍ദേശിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയിലെ പ്രശ്നങ്ങൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെത്തന്നെ ബാധിച്ചേക്കുമെന്ന സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ. വര്‍ഷങ്ങളായി ടാറ്റാ ഗ്രൂപ്പിന്‍റെ ട്രസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്താല്‍ എല്ലാവരെയും ഒന്നിച്ച് നിര്‍ത്താന്‍ സാധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തോടെയായാണ് ഗ്രൂപ്പില്‍ അഭിപ്രായഭിന്നതകള്‍ തുടങ്ങിയത്. 16 ലക്ഷം കോടി രൂപ സംയോജിതമൂല്യമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമാണ് ടാറ്റ സൺസ്. ടാറ്റ സൺസിന്‍റെ 66% ഓഹരി പങ്കാളിത്തമുള്ളത് ടാറ്റ ട്രസ്റ്റിന്‍റെ പക്കലാണ്.