ഇന്ത്യന്‍ ഭക്ഷണ, ഗ്രോസറി വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ ഇനി പുതിയ ബ്രാന്‍ഡില്‍ അറിയപ്പെടും. ‘എറ്റേര്‍ണല്‍’ എന്നായിരിക്കും ഇനി കമ്പനിയുടെ പുതിയ പേര്. ഈ പേരില്‍ പുതിയ ലോഗോ പുറത്തിറക്കി. രണ്ട് വര്‍ഷത്തിലധികമായി കമ്പനി ആന്തരികമായി ഉപയോഗിച്ചുവന്ന പേരാണ് ‘എറ്റേര്‍ണല്‍’.
നാലു വ്യവസായ സെക്ഷനുകളായിട്ടായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. ഭക്ഷണവിതരണ വിഭാഗമായ സൊമാറ്റോ, ക്വിക്ക് കൊമേഴ്സ് യൂണിറ്റായ ബ്ലിങ്കിറ്റ്, ലൈവ് ഇവന്റ് ബിസിനസ് ഡിസ്ട്രിക്റ്റ്, കിച്ചന്‍ വിതരണയൂണിറ്റ് ഹൈപ്പര്‍പ്യുയര്‍ എന്നിങ്ങനെ നാലു വിഭാഗമായി കമ്പനി തുടരും.
വലിയൊരു മാറ്റം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയും നിക്ഷേപകരുടെ സംശയങ്ങള്‍ അകറ്റാനും കൂടിയാണ് ഈ നീക്കമെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. 2022ല്‍ ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍ നിക്ഷേപകര്‍ ആശങ്കയിലായിരുന്നു.എന്നാല്‍ ഇന്ന് ക്വിക്ക് കൊമേഴ്സിലൂടെ ഉള്‍പ്പെടെയുള്ള വളര്‍ച്ച നിക്ഷേപകര്‍ക്ക് ആശ്വാസവും ആകര്‍ഷണവും നല്‍കുന്നതാണെന്നും ദീപീന്ദര്‍ വ്യക്തമാക്കുന്നു.