യുഎസില്‍ നിന്നും തിരികെ എത്തിയ അനധികൃത കുടിയേറ്റക്കാരുമായി സംസാരിക്കുന്ന പഞ്ചാബ് എന്‍.ആര്‍.ഐ കാര്യ മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍.
യു.എസില്‍ നിന്നും അനധികൃത കുടിയേറ്റത്തിന് പിടിയിലായി തിരികെ എത്തിച്ച ഇന്ത്യക്കാര്‍ സൈനിക വിമാനത്തില്‍ നേരിട്ടത് ദുരിത യാത്ര. കാലില്‍ ചങ്ങലയണിയിച്ചും കൈവിലങ്ങിട്ടുമാണ് വിമാനത്തില്‍ ഇരുത്തിയതെന്നും തുടര്‍ച്ചയായി 40 മണിക്കൂര്‍ ശുചിമുറി പോലും ഉപയോഗിക്കാന്‍ അനുവദിച്ചില്ല. യുഎസ് സൈന്യം മോശമായി പൊരുമാറിയെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു. പത്ത് ദിവസം മുന്‍പ് യു.എസ്- മെക്സികോ അതിര്‍ത്തിയില്‍ വെച്ചാണ് പിടിയിലായതെന്ന് നാടുകടത്തപ്പെട്ടവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
നരകത്തേക്കാള്‍ മോശം എന്നാണ് 40 കാരനായ ഹര്‍വീന്ദര്‍ സിങ് യാത്രയെ വിശേഷിപ്പിച്ചത്. 'തുടര്‍ച്ചയായ അഭ്യര്‍ഥനയ്ക്ക് ശേഷമാണ് ശുചിമുറി അനുവദിച്ചത്. വാതില്‍ തുറന്ന് അകത്തേക്ക് തള്ളിയിടുകയായിരുന്നു. 40 മണിക്കൂര്‍ യാത്രയില്‍ കാര്യമായി ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. കൈകള്‍ കെട്ടിയിട്ടിരുന്നു. മാനസികമായും ശാരിരികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നു' എന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
'ഞങ്ങളെ മറ്റൊരു ക്യാപിലേക്ക് കൊണ്ടു പോകുകയാണെന്നാണ് കരുതിയത്. പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ത്യയിലേക്കാണെന്ന് അറിയിച്ചത്. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങല കൊണ്ടും ബന്ധിച്ചിരുന്നു. അമൃത്സര്‍ എയര്‍പോര്‍ട്ടിലാണ് തുറന്നു തന്നത്', പഞ്ചാബില്‍ നിന്നുള്ള 36 കാരനായ ജസ്പാല്‍ സിങ് പറഞ്ഞു.
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി എത്തിയ യു.എസ് സൈനിക വിമാനം അമൃത്‍സറിലെ ശ്രീ ഗുരു റാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍.
Also Read: ഇന്ത്യക്കാരെ തിരിച്ചയച്ചതിന് ഓരോ മണിക്കൂറിലും ട്രംപ് ചെലവിട്ടത് 25 ലക്ഷം രൂപ! കണക്കുകളിതാ..
കുട്ടികളെ ഒഴിവാക്കി മുതിര്‍ന്നവര്‍ക്ക് യു.എസ് സൈന്യം നിര്‍ബന്ധമായി കൈവിലങ്ങിട്ടെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞതായി പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം തനിക്ക് സ്ഥിരീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാടുകടത്തപ്പെട്ടവരെ യുഎസിലെത്താൻ സഹായിച്ചത് ആരാണെന്നും അനധികൃത കുടിയേറ്റ ഏജന്‍റുമാർക്ക് അവർ എത്ര പണം നൽകിയെന്നത് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നുമാണ് വിവരം. പണം നല്‍കിയവരാല്‍ വഞ്ചിക്കപ്പെട്ടെന്നാണ് തിരിച്ചെത്തിയവര്‍ കരുതുന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also Read: 'ഏഴാം കപ്പൽപ്പടക്ക് മുന്നിൽ പേടിക്കാത്ത ഇന്ദിര; വിശ്വഗുരുവിന് ഒന്നുറക്കെ കരഞ്ഞുകൂടെ?'
യുഎസിലേക്ക് കടക്കാന്‍ ഒരു കോടി രൂപ നല്‍കി എന്നാണ് ഒരു ഗുജറാത്തി കുടുംബം ഉദ്യോഗസ്ഥനോട് പറഞ്ഞത്. അമൃത്‌സറിലെ അതിർത്തി ഗ്രാമത്തിലെ യുവാവും തിരിച്ചെത്തിയവരിലുണ്ട്. ഇയാളുടെ കുടുംബം ഒന്നര ഏക്കർ സ്ഥലം വിറ്റ് 42 ലക്ഷം രൂപ ചെലവഴിച്ചാണ് അമേരിക്കന്‍ മോഹത്തിന് വിത്തിട്ടത്. ഏതാനും മാസങ്ങൾക്ക് മുന്‍പ് മെക്സിക്കോ വഴിയാണ് അയാള്‍ യുഎസിലെത്തിയത്.
ടെക്‌സാസിലെ സാൻ അന്‍റോ്റോണിയോയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാരുമായെത്തിയ ആദ്യവിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അമൃത്‍സറിലെ ശ്രീ ഗുരു റാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്. തിരിച്ചെത്തിയവരിലുണ്ടായിരുന്ന പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ റോഡ് മാര്‍ഗം വീടുകളിലേക്ക് പോയി. ഗുജറാത്തടക്കം മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിമാന സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയക്കുന്നത്. ഇതിന് മുന്‍പ് 2024 ഒക്ടോബറിലാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. അന്ന് ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്.