എക്സിറ്റ് പോളിന്റെ ആത്മവിശ്വാസത്തിൽ ഡൽഹിയിൽ ബിജെപി. ജയിച്ചാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ മനോരമ ന്യൂസിനോട്. ജനങ്ങളുടെ പോളിൽ വിശ്വാസമെന്ന് ആം ആദ്മി പാർട്ടിയുടെ മറുപടി. വോട്ടെണ്ണുന്നതുവരെ കാത്തിരിക്കാമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
പുറത്തുവന്ന 10 എക്സിറ്റ് പോളിൽ എട്ടും വിജയം പ്രവചിച്ചതോടെ ആവേശക്കൊടുമുടിയിലാണ് ബിജെപി. 28 വർഷത്തിനുശേഷം അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളും സജീവമായി. മലയാളികളും ഡല്‍ഹിയിലെ മധ്യവര്‍ഗവും ചേരികളിലെ വോട്ടര്‍മാരും ബിജെപിയെ പിന്തുണച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ മനോരമ ന്യൂസിനോട്.
എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്നും വീണ്ടും സർക്കാരുണ്ടാക്കുമെന്നും ആം ആദ്മി പാർട്ടി.
മികച്ച പോരാട്ടം കാഴ്ചവച്ചെന്നും പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്നും കോണ്‍ഗ്രസും പറയുന്നു. എക്സിറ്റ് പോളുകളെ തള്ളുമ്പോഴും ചെറുതല്ലാത്ത ആശങ്ക ആം ആദ്മി പാർട്ടിക്കുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് ദിവസം അഞ്ച് വാർത്താ സമ്മേളനമെങ്കിലും നടത്തിയിരുന്ന ആം ആദ്മി പാർട്ടി എക്സിറ്റ് പോളിന് ശേഷം മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്.