രാജ്യതലസ്ഥാനത്തെ വിധിയെഴുത്തില്‍ ഭേദപ്പെട്ട പോളിങ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുമണിവരെ 57.7 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. കള്ളവോട്ട്, പണം വിതരണംചെയ്യല്‍ ആരോപണങ്ങളെത്തുടര്‍ന്ന് പലയിടത്തും ആം ആദ്മി, ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധവും സംഘര്‍ഷവുണ്ടായി.
ഡല്‍ഹിയിലെ ശൈത്യത്തെ തോല്‍പ്പിച്ച തിരഞ്ഞെടുപ്പ് ചൂടിന്‍റെ ആവേശം പോളിങ് ബൂത്തുകളില്‍ പ്രതിഫലിച്ചില്ല. ആദ്യമണിക്കൂറുകളില്‍ പോളിങ് മന്ദഗതിയില്‍. ബുർഖ ധരിച്ചെത്തി വ്യാജ വോട്ടുചെയ്തെന്ന ബിജെപി ആരോപണത്തെത്തുടര്‍ന്ന് സീലംപൂരില്‍ സംഘര്‍ഷം. കള്ളവോട്ട് ആരോപണം ജങ്പുര, ചിരാഗ് മണ്ഡലങ്ങളിലും ആം ആദ്മി ബി.െജ.പി സംഘര്‍ഷത്തിനുകാരണമായി. ബി.ജെ.പി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. തെളിവില്ലെന്ന് പോലീസ്. ആം ആദ്മി പണം വിതരണം ചെയ്തെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിതും പരാതിപ്പെട്ടു. കള്ളവോട്ട് പരാതിയില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്ട്രപതി ജഗദീപ് ധൻകറും ആദ്യമണിക്കൂറുകളില്‍തന്നെ വോട്ടുരേഖപെടുത്തി. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കാൻ പ്രധാനമന്ത്രി രാവിലെ ആഹ്വാനംചെയ്തു. ഗുണ്ടായിസം തോല്‍ക്കുമെന്നും ഡല്‍ഹി വിജയിക്കുമെന്നും കേജ്രിവാള്‍. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍മാണ്‍ ഭവനിലെ ബൂത്തില്‍ വോട്ടുചെയ്തു. പ്രിയങ്കഗാന്ധി കുടുംബസമേതമാണ് വോട്ടുചെയ്യാനെത്തിയത്. ഡൽഹിയിൽ ബിജെപി സർക്കാർ ഉണ്ടാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ അവകാശപ്പെട്ടു. പോളിങിലെ വ്യതിയാനം എങ്ങനെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 62.59ും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 56ും ശതമാനമായിരുന്നു പോളിങ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ഇത്തവണ ഡല്‍ഹിയില്‍ ജനവിധി തേടിയത്. ശനിഴാഴ്ചയാണ് ഫലപ്രഖ്യാപനം.