TOPICS COVERED

 പെരുമാറ്റച്ചട്ട ലംഘനത്തിന് ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പൊലീസ്. നിശബ്ദ പ്രചാരണദിനം ചട്ടലംഘത്തിന്  ബിജെപി സ്ഥാനാർഥി രമേശ്‌ ബിദുഡിയുടെ മകനെതിരെയും കേസെടുത്തു. ഒന്നരക്കോടിയോളം വരുന്ന ഡൽഹി വോട്ടർമാർക്കായി  തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 

കാൽക്കാജി മണ്ഡലത്തിലെ സ്ഥാനാർഥിയും ഡൽഹിയുടെ മുഖ്യമന്ത്രിയുമായ അതിഷിക്കെതിരെയാണ് മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിനും അനുയായി പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനും കേസെടുത്തത്. പരസ്യപ്രചാരണം അവസാനിച്ചിട്ടും 10 വാഹനങ്ങളിൽ 50നും 70നുമിടയിൽ പ്രവർത്തകരുമായി ഫത്തെ സിങ് മാർഗിൽ ഒത്തുകൂടിയെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പൊലീസ് പക്ഷം ചേർന്ന് പ്രവർത്തിക്കുന്നതായി അതിഷി. തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും ബിജെപിയുടെ ഗുണ്ടായിസത്തിന് കൂട്ടുനിൽക്കുന്നതായി അരവിന്ദ് കേജ്‌രിവാൾ. അതിഷിയുടെ പരാതിയിൽ എതിർ സ്ഥാനാർഥിയും ബിജെപി നേതാവുമായ രമേശ് ബിദുഡിയുടെ മകൻ അടക്കം രണ്ടുപേർക്കെതിരെയും കേസെടുത്തെന്നും പൊലീസ് അറിയിച്ചു. പുറത്തുനിന്നുള്ളവരെ മണ്ഡലത്തിലേക്ക് കൊണ്ടുവന്നുവെന്ന പരാതിയിലാണ് നടപടി. നിശബ്ദ പ്രചാരണത്തിന്റെ ദിനത്തിലും വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് ആപ്പും ബിജെപിയും കോൺഗ്രസും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചു.