പശുക്കടത്ത് നടത്തിയെന്ന് സംശയിക്കുന്നവരെ നടുറോഡില്‍ വെടിവച്ചിടാന്‍ നിര്‍ദേശം നല്‍കുമെന്ന് കര്‍ണാടക മന്ത്രി. ഉത്തര കന്നഡയില്‍ പശുക്കടത്ത് വ്യാപകമായതോടെയാണ് മന്ത്രിയുടെ വിവാദപ്രസ്താവന. ഇതോടെ കര്‍ണാടക ഫിഷറീസ് മന്ത്രി മന്‍കാല സുബ്ബ വൈദ്യയ്ക്കെതിരായ പ്രതിഷേധം കനക്കുകയാണ്.
ജില്ലയില്‍ ഇനിയും പശുക്കടത്ത് തുടര്‍ന്നാല്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ, സംശയിക്കപ്പെടുന്നവരെ തെരുവില്‍ വെടിവച്ചിടും എന്ന മുന്നറിയിപ്പാണ് മന്ത്രി നല്‍കിയിരിക്കുന്നത്. എല്ലാ ദിവസവും പശുവിന്‍ പാല്‍ കുടിക്കുന്നവരാണ് നമ്മള്‍. സ്നേഹത്തോടെയും കരുതലോടെയുമാണ് പശുക്കളെ നോക്കിക്കാണുന്നതും. അങ്ങനെയുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല എന്നാണ് മന്ത്രി പറയുന്നത്.
പശുക്കടത്ത് ആരോപിക്കപ്പെടുന്നത് ആര്‍ക്കുമേലായാലും ഉടനടി നടപടിയുണ്ടാകണം എന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. പശുക്കളെ പരിപാലിക്കുന്നവര്‍ വിഷമിക്കേണ്ടതില്ല. കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ ആരും ഭയപ്പെടേണ്ടതില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ്, ബിജെപി ഭരണകാലത്തും പശുക്കടത്ത് വ്യാപകമായിരുന്നു. എന്നാല്‍ ഇന്നങ്ങനെയല്ല കാര്യങ്ങള്‍. സംശയം തോന്നിയാല്‍ മതി നടപടിയുണ്ടാകും എന്നാണ് മന്ത്രി നല്‍കുന്ന ഉറപ്പ്.