കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്തവണ ഡിജിറ്റൽ കുംഭമേളയാണ് നടക്കുന്നത് എന്ന് അവകാശപ്പെടുന്നവർ അപകടത്തിൽ മരിച്ചവരുടെ ഡിജിറ്റ് പോലും പുറത്തുവിട്ടില്ലെന്ന് അഖിലേഷ് യാദവ് ലോക്സഭയിൽ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു അഖിലേഷിന്‍റെ കടന്നാക്രമണം.
കുംഭമേളയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിടണം. വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സത്യം മറച്ചുവയ്ക്കുന്നവർക്കു ശിക്ഷ കിട്ടണം. സര്‍ക്കാരിന് കുറ്റബോധമില്ലെങ്കിൽ എന്തിനാണ് അപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം മറച്ചുവച്ചതെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ ചോദിച്ചു.
കേന്ദ്ര സർക്കാർ വലിയ തുകയാണു മഹാകുംഭമേളയ്ക്കായി ബജറ്റിൽ വകയിരുത്തിയത്. എന്നാല്‍ സർക്കാർ ശ്രദ്ധിച്ചതു ക്രമീകരണങ്ങളിലല്ല, പ്രചാരണത്തിലാണ്. പുണ്യം തേടി വന്നവർ ഉറ്റവരുടെ മൃതദേഹങ്ങളുമായി മടങ്ങേണ്ടി വന്നു. ഭക്തരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടും മരണങ്ങളെ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. കാലങ്ങളായുള്ള ഷാഹി സ്നാനം റദ്ദാക്കാൻ സന്യാസിമാരോടു ബിജെപി ആവശ്യപ്പെട്ടതു സനാതന പാരമ്പര്യത്തിന്റെ ലംഘനമാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.