ഫുട്‌സാൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മേഘാലയയിലെ ഷില്ലോങ്ങില്‍ നിന്നുള്ള ലോക്‌സഭാ എംപിയും വിപിപി നേതാവുമായ റിക്കി ആൻഡ്രൂ ജെ. സിങ്കോൺ അന്തരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. സൗഹൃദ ഫുട്‌സാൽ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മരണം. സിങ്കോണിന്റെ മരണത്തിൽ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ ഞെട്ടൽ രേഖപ്പെടുത്തി. പാർലമെന്റിൽ പ്രാദേശിക വിഷയങ്ങൾ ഉന്നയിക്കുന്നതിൽ എംപി വഹിച്ച പങ്ക് ഓർമിച്ച്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
ഡോ. സിങ്കോൺ വ്യാഴാഴ്ച വൈകുന്നേരം മൗലായ് മവിയോംഗിലെ ഒരു കളിസ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം ഫുട്‌സാൽ കളിക്കുന്നതിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ അദ്ദേഹത്തെ ഉടൻതന്നെ മവിയോംഗ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) എത്തിച്ചു.
എന്നാൽ, അവിടെ ഡോക്ടർ ഇല്ലാതിരുന്നതിനാൽ, അദ്ദേഹത്തെ ഉടൻതന്നെ ജയാവിലെ ഡോ. എച്ച് ഗോർഡൻ റോബർട്ട്സ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും, രാത്രി 8:42 ഓടെ സിങ്കോൺ അന്തരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 2024-ൽ ഷില്ലോങില്‍ മൂന്നുതവണ കോൺഗ്രസ് എം.പി.യായിരുന്ന വിൻസെന്റ് എച്ച് പാലയെ 3.7 ലക്ഷം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് സിങ്കോൺ പരാജയപ്പെടുത്തിയത്.